ഓട്ടവ: കുറഞ്ഞ വരുമാനക്കാരും ലളിതമായ ടാക്‌സ് ഫയലിങ് രീതി പിന്തുടരുന്നവരുമായ പൗരന്മാര്‍ക്കായി സൗജന്യ ‘പ്രീ-ഫില്‍ഡ്’ (Pre-filled) ടാക്‌സ് റിട്ടേണ്‍ സേവനം ആരംഭിക്കാന്‍ കാനഡ റെവന്യൂ ഏജന്‍സി (CRA) ഒരുങ്ങുന്നു. 2027 മാര്‍ച്ച് മാസത്തില്‍ തുടക്കമിടുന്ന ഈ സേവനം വഴി പ്രാഥമിക ഘട്ടത്തില്‍ ഏകദേശം പത്ത് ലക്ഷത്തോളം കനേഡിയന്‍മാര്‍ക്ക് നികുതി സമര്‍പ്പണം എളുപ്പമാക്കാന്‍ സാധിക്കും.
സി.ആര്‍.എയുടെ കൈവശമുള്ള ആദായ വിവരങ്ങള്‍, ടാക്‌സ് സ്ലിപ്പുകള്‍, വ്യക്തിഗത വിവരങ്ങള്‍ എന്നിവ ഉപയോഗിച്ച് നികുതിദായകന്റെ ‘CRA My Account’-ല്‍ മുന്‍കൂട്ടി തയ്യാറാക്കിയ ടാക്‌സ് റിട്ടേണ്‍ ലഭ്യമാക്കും. നികുതിദായകര്‍ക്ക് ഇത് പരിശോധിക്കാനും, ആവശ്യമായ തിരുത്തലുകള്‍ വരുത്താനും, തുടര്‍ന്ന് സമര്‍പ്പിക്കാനും സാധിക്കും.

2026 ഒക്ടോബര്‍ 31: നിര്‍ണ്ണായക തീയതി
ഈ പുതിയ സേവനത്തിലേക്ക് പരിഗണിക്കപ്പെടാന്‍ നികുതിദായകര്‍ 2026 ഒക്ടോബര്‍ 31-ന് മുന്‍പായി ചില കാര്യങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. സാധാരണ ഏപ്രില്‍ 30 ടാക്‌സ് ഡെഡ്ലൈനില്‍ നിന്ന് വ്യത്യസ്തമായി, ഈ പദ്ധതിയിലേക്കുള്ള ക്ഷണം ലഭിക്കുന്നതിനുള്ള യോഗ്യതാ തീയതിയായാണ് ഒക്ടോബര്‍ 31 നിര്‍ണ്ണയിച്ചിരിക്കുന്നത്.
സേവനത്തിന്റെ ഭാഗമാകാന്‍ താഴെ പറയുന്നവ പൂര്‍ത്തിയാക്കിയിരിക്കണം:
- 2025-ലെ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിച്ചിരിക്കണം.
- സി.ആര്‍.എ (CRA) അക്കൗണ്ട് ആക്റ്റീവ് ആയിരിക്കണം.
- ഔദ്യോഗിക വിവരവിനിമയ രീതി ഇലക്ട്രോണിക് മെയില്‍ (E-mail) എന്ന് സെറ്റ് ചെയ്തിരിക്കണം.
2027 മാര്‍ച്ചില്‍ ആരംഭിക്കുന്ന ഈ പദ്ധതി വ്യാപിപ്പിച്ച്, 2029-ഓടെ 55 ലക്ഷം പേര്‍ക്ക് ഈ സേവനം ലഭ്യമാക്കാനാണ് സി.ആര്‍.എ ലക്ഷ്യമിടുന്നത്.
