Saturday, October 24, 2026

കുടിയേറ്റ നയത്തില്‍ കൂടുതല്‍ അധികാരം വേണം; ആവശ്യവുമായി കൂടുതല്‍ പ്രവിശ്യകള്‍ രംഗത്ത്

ടൊറന്റോ: കുടിയേറ്റ നയത്തില്‍ കൂടുതല്‍ അധികാരം ആവശ്യപ്പെട്ട് പ്രവിശ്യകള്‍ രംഗത്ത്. ആല്‍ബര്‍ട്ടയില്‍ നടന്ന ഹിതപരിശോധനയില്‍ കുടിയേറ്റ പരിഷ്‌കരണത്തെ അനുകൂലിച്ച് ഏകദേശം 10 ലക്ഷം പേര്‍ വോട്ട് ചെയ്തതോടെയാണ് വിഷയം വീണ്ടും സജീവ ചര്‍ച്ചയായത്. കാനഡയില്‍ കുടിയേറ്റത്തിന്റെ ആകെ വാര്‍ഷിക പരിധി നിശ്ചയിക്കുന്നതും രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുന്നതും ഫെഡറല്‍ സര്‍ക്കാരാണ്. നിലവില്‍ പ്രവിശ്യാ നോമിനി പദ്ധതികളിലൂടെ സാമ്പത്തിക കുടിയേറ്റക്കാരെ തിരഞ്ഞെടുക്കുന്നതില്‍ മാത്രമാണ് പ്രവിശ്യകള്‍ക്ക് പങ്കുള്ളത്. എന്നാല്‍, കുടിയേറ്റക്കാരുടെ എണ്ണത്തില്‍ മാത്രമല്ല, പ്രാദേശിക തൊഴില്‍മേഖലകള്‍ക്ക് ആവശ്യമായ വിദഗ്ധരെ നേരിട്ട് തിരഞ്ഞെടുക്കുന്നതിലും കൂടുതല്‍ അധികാരം വേണമെന്നാണ് പ്രവിശ്യകളുടെ ആവശ്യം.

കെബെക് പ്രവിശ്യയ്ക്ക് നിലവില്‍ സ്വന്തം കുടിയേറ്റ ലക്ഷ്യങ്ങള്‍ നിശ്ചയിക്കാനും സാമ്പത്തിക കുടിയേറ്റക്കാരെ തിരഞ്ഞെടുക്കാനും പുനരധിവാസ സേവനങ്ങള്‍ നടത്താനും പ്രത്യേക അധികാരങ്ങളുണ്ട്. കെബെക്കിന്റെ മാതൃകയില്‍ ഫെഡറല്‍ സര്‍ക്കാരുമായി പുതിയ കരാറുണ്ടാക്കാന്‍ ആല്‍ബര്‍ട്ട ആലോചിക്കുന്നതായി പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് വ്യക്തമാക്കി. കെബെക്കിന് സമാനമായ കരാര്‍ ആല്‍ബര്‍ട്ടയ്ക്കും ലഭിക്കുമോയെന്ന ചോദ്യത്തിന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി വ്യക്തമായ മറുപടി നല്‍കിയില്ലെങ്കിലും, പ്രധാനമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തതായും ആവശ്യമായ നിര്‍ദേശങ്ങള്‍ തയ്യാറാക്കുമെന്നും സ്മിത്ത് അറിയിച്ചു.

കൂടുതല്‍ കുടിയേറ്റക്കാരെ ആവശ്യപ്പെടുകയും തീരുമാനങ്ങളില്‍ പങ്കാളിത്തം ഉന്നയിക്കുകയും ചെയ്യുന്നത് ആല്‍ബര്‍ട്ട മാത്രമല്ല. പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ്, ന്യൂഫിന്‍ലന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍, സസ്‌കാച്വാന്‍ എന്നീ പ്രവിശ്യകളും കുടിയേറ്റ നയത്തില്‍ കൂടുതല്‍ അധികാരം ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ തൊഴില്‍വിപണിയുടെ ആവശ്യങ്ങള്‍ കൃത്യമായി അറിയുന്നതിനാല്‍ വിദഗ്ധ തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതില്‍ പ്രവിശ്യകള്‍ക്ക് കൂടുതല്‍ പങ്ക് വേണമെന്നാണ് ഇവരുടെ നിലപാട്.

അതേസമയം, കുറഞ്ഞ ജനസംഖ്യാ വളര്‍ച്ചയും അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്ക് ആവശ്യമായ വിദഗ്ധ തൊഴിലാളികളുടെ കുറവും കണക്കിലെടുത്ത് കുടിയേറ്റക്കാരുടെ എണ്ണം നേരിയ തോതില്‍ ഉയര്‍ത്തുന്നത് ഫെഡറല്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഈ വര്‍ധന സുസ്ഥിരമായിരിക്കുമെന്ന് പ്രധാനമന്ത്രി കാര്‍ണി വ്യക്തമാക്കി. പ്രവിശ്യകളിലെ പ്രീമിയര്‍മാര്‍ തിങ്കളാഴ്ച ഓട്ടവയില്‍ കൂടിക്കാഴ്ച നടത്താനിരിക്കെ, കുടിയേറ്റ നയത്തിലെ മാറ്റങ്ങള്‍ പ്രധാന ചര്‍ച്ചാവിഷയമാകും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!