Saturday, October 24, 2026

‘ബൈ കനേഡിയന്‍’ വികാരം ശക്തമാകുന്നു; കനേഡിയന്‍ ഹാലോവീന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാർ ഏറുന്നു

വിനിപെഗ്: കാനഡയില്‍ ‘ബൈ കനേഡിയന്‍’ വികാരം ശക്തമാകുന്നു. ഹാലോവീന്‍ ആഘോഷങ്ങള്‍ക്കായി വിദേശ നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ക്ക് പകരം പ്രാദേശികവും കാനഡയില്‍ തന്നെ നിര്‍മ്മിച്ചതുമായ ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഭൂരിഭാഗം കാനഡക്കാരും ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയുമായുളള സമീപകാല താരിഫ് തര്‍ക്കങ്ങളും രാഷ്ട്രീയ സംഘര്‍ഷങ്ങളുമാണ് ‘ബൈ കനേഡിയന്‍’ (Buy Canadian) എന്ന വികാരം ഉപഭോക്താക്കള്‍ക്കിടയില്‍ വീണ്ടും ശക്തമാക്കാന്‍ ഇടയാക്കിയത്.

നെക്സ്റ്റ് ഡോര്‍ കാനഡയ്ക്ക് വേണ്ടി ആംഗസ് റീഡ് നടത്തിയ ഓണ്‍ലൈന്‍ സര്‍വേ പ്രകാരം 59 ശതമാനം കനേഡിയന്‍മാരും ഹാലോവീന്‍ ആഘോഷങ്ങള്‍ക്കായി പ്രാദേശിക ബിസിനസ്സുകളെയും കനേഡിയന്‍ ഉല്‍പ്പന്നങ്ങളെയും പിന്തുണയ്ക്കാന്‍ മുന്‍ഗണന നല്‍കുന്നു. സസ്‌കച്വാന്‍, മാനിറ്റോബ പ്രദേശങ്ങളില്‍ ഇത് 68 ശതമാനവും അത്‌ലാന്റിക് കാനഡയില്‍ 69 ശതമാനവുമാണ്. അടുത്തുള്ള ഫാമുകളില്‍ നിന്ന് ശേഖരിക്കുന്ന മത്തങ്ങകള്‍, പ്രാദേശിക കടകളില്‍ നിന്നുള്ള വസ്ത്രങ്ങള്‍, തദ്ദേശീയ ബേക്കറികളില്‍ നിന്നുള്ള പലഹാരങ്ങള്‍ എന്നിവ വാങ്ങാനാണ് ആളുകള്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നത്.

എന്നാല്‍ ഹാലോവീന്‍ ആഘോഷങ്ങള്‍ക്ക് അനുയോജ്യമായ, പൂര്‍ണ്ണമായും കാനഡയില്‍ നിര്‍മ്മിച്ച മിഠായികളും മധുരപലഹാരങ്ങളും കണ്ടെത്തുന്നത് പ്രയാസകരമാണെന്ന് വിനിപെഗിലെ ഫുഡ് ഫെയര്‍ ഗ്രോസറി ഉടമ റാംസി സെയ്ദ് ചൂണ്ടിക്കാണിക്കുന്നു. വിപണിയില്‍ ലഭ്യമാകുന്ന പല മിഠായികളും ”പ്രിപ്പേര്‍ഡ് ഇന്‍ കാനഡ” (Prepared in Canada) എന്ന് രേഖപ്പെടുത്തിയവയാണെങ്കിലും അവയില്‍ ഭൂരിഭാഗവും വിദേശ അല്ലെങ്കില്‍ അമേരിക്കന്‍ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വരുന്ന ഹാലോവീന്‍ ആഘോഷങ്ങള്‍ക്ക് വേണ്ടി മാത്രം തദ്ദേശീയമായി വന്‍തോതില്‍ മിഠായി ഉല്‍പ്പാദനം നടത്തുന്നത് ചെറുകിട കനേഡിയന്‍ വ്യവസായങ്ങള്‍ക്ക് സാമ്പത്തികമായി ലാഭകരമല്ല എന്നതും ഇതിനൊരു കാരണമാണ്.

സര്‍വേ അനുസരിച്ച് 88 ശതമാനം കാനഡക്കാരും ഇത്തവണ ഹാലോവീനായി 100 ഡോളറില്‍ താഴെ മാത്രം ചെലവഴിക്കാനാണ് പദ്ധതിയിടുന്നത്. ഇതില്‍ 65 ശതമാനം പേരും ബജറ്റ് 50 ഡോളറില്‍ താഴെയായി പരിമിതപ്പെടുത്തിയിരിക്കുന്നു. അതിനാല്‍ പ്രാദേശിക ഉല്‍പ്പന്നങ്ങളെ പിന്തുണയ്ക്കുന്നതിനോടൊപ്പം തന്നെ ചെലവ് കുറഞ്ഞ രീതിയില്‍ ഹാലോവീന്‍ ആഘോഷിക്കുക എന്നതാണ് നിലവില്‍ കനേഡിയന്‍ ഉപഭോക്താക്കള്‍ നേരിടുന്ന പ്രധാന വെല്ലുവിളി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!