Monday, October 26, 2026

കണ്ണൂർ കണ്ണവത്ത് രണ്ടിടങ്ങളിൽ സ്‌ഫോടനം

കണ്ണൂർ: കണ്ണൂർ കണ്ണവം മേഖലയിൽ രണ്ടിടങ്ങളിൽ സ്റ്റീൽ ബോംബ് സ്ഫോടനം നടന്നതായി കണ്ടെത്തി. കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപവും ചുണ്ടയിലുമാണ് സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.

ഇന്ന് രാവിലെയാണ് രണ്ട് കേന്ദ്രങ്ങളിലും സ്ഫോടനം നടന്നതിന്റെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. റോഡിലേക്ക് സ്റ്റീൽ ബോംബ് എറിഞ്ഞ് പൊട്ടിച്ച നിലയിലായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ റോഡിൽ കുഴി രൂപപ്പെടുകയും റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകരുകയും ചെയ്തു.

വിവരമറിഞ്ഞ് കണ്ണവം പൊലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്ഫോടനത്തിന് പിന്നിൽ ആരാണെന്നും സംഭവത്തിന്റെ യഥാർഥ ലക്ഷ്യം എന്താണെന്നും കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

വ്യക്തികളെയോ സ്ഥാപനങ്ങളെയോ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണെന്ന് പ്രാഥമികമായി കരുതുന്നില്ലെന്നാണ് പൊലീസ് നിഗമനം. പ്രദേശത്ത് ഭീതി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ റോഡിലേക്ക് ബോംബ് എറിഞ്ഞതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തെ തുടർന്ന് മേഖലയിൽ പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!