Tuesday, October 27, 2026

ഒലിവിയ ചൗവിന് വൻ വിജയം: ടൊറന്റോ മേയറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

ടൊറന്റോ: ഒന്റാരിയോ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ടൊറന്റോ മേയറായി ഒലിവിയ ചൗ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തന്റെ പ്രധാന എതിരാളിയായ ബ്രാഡ് ബ്രാഡ്ഫോര്‍ഡിനെ (Brad Bradford) ബഹുദൂരം പിന്നിലാക്കിയാണ് ഒലിവിയ വിജയം ഉറപ്പിച്ചത്. 98.2 ശതമാനം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 54.1 ശതമാനം വോട്ടുകള്‍ ഒലിവിയ ചൗ നേടിയപ്പോള്‍ ബ്രാഡ്ഫോര്‍ഡിന് 41.1 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഏകദേശം 1,25,564 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തിലാണ് ഒലിവിയയുടെ വിജയം.

വിജയപ്രഖ്യാപനത്തിനു ശേഷം തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ആസ്ഥാനത്ത് വെച്ച് സംസാരിക്കവെ ഒലിവിയ ജനങ്ങള്‍ക്ക് നന്ദി അറിയിച്ചു. ‘ടൊറന്റോയിലെ ജനങ്ങള്‍ തങ്ങളുടെ ജനവിധി രേഖപ്പെടുത്തിക്കഴിഞ്ഞു. എനിക്ക് വോട്ട് ചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കും, തങ്ങളുടെ ശബ്ദം കേള്‍ക്കപ്പെടുന്നുണ്ടോ എന്ന് സംശയിച്ചവര്‍ക്കും, ഈ നഗരത്തെ സ്വന്തം വീടായി കണ്ട് അധ്വാനിക്കുന്ന ഓരോരുത്തര്‍ക്കും ഞാന്‍ ഉറപ്പുനല്‍കുന്നു-ഞാന്‍ നിങ്ങളുടെയും മേയറാണ്.’, ചൗ പറഞ്ഞു.

ജീവിതച്ചെലവ് കുറയ്ക്കല്‍ പ്രധാന ലക്ഷ്യം

നഗരത്തിലെ ജീവിതച്ചെലവ് കുറയ്ക്കുന്നതിനും ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനുമുള്ള വാഗ്ദാനങ്ങളിലൂന്നിയാണ് ഒലിവിയ പ്രചാരണം നടത്തിയത്.

പൊതുഗതാഗതം (TTC): ടി.ടി.സി ബസ്/ട്രെയിന്‍ ചാര്‍ജുകള്‍ വര്‍ധിപ്പിക്കില്ല എന്നും, ആഴ്ചയില്‍ 10 തവണ യാത്ര ചെയ്യുന്നവര്‍ക്ക് തുടര്‍ന്നുള്ള യാത്രകള്‍ സൗജന്യമാക്കുമെന്നും അവര്‍ വാഗ്ദാനം ചെയ്തു.

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി: സ്‌കൂളുകളിലെ പോഷകാഹാര പദ്ധതി വിപുലീകരിച്ച് ഉച്ചഭക്ഷണം കൂടി ഉള്‍പ്പെടുത്തുമെന്ന് ഉറപ്പുനല്‍കി. ഇതുവഴി ഒരു കുടുംബത്തിന് ശരാശരി 880 ഡോളറോളം ലാഭിക്കാനാകുമെന്നാണ് വിലയിരുത്തല്‍.

വാടകക്കാരുടെ സംരക്ഷണം: വാടകക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ചൂഷണം നടത്തുന്ന ഭൂവുടമകള്‍ക്കെതിരെ നടപടിയെടുക്കാനും പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുമെന്ന് അവര്‍ വ്യക്തമാക്കി.

നികുതി നയം: നികുതി വര്‍ധനവ് പണപ്പെരുപ്പ നിരക്കിന് അനുസൃതമായി മാത്രമായിരിക്കുമെന്ന് ചൗ വ്യക്തമാക്കി.

എതിരാളികളുടെ വാദങ്ങളും പ്രതികരണവും

പ്രചാരണത്തിനിടെ പ്രോപ്പര്‍ട്ടി ടാക്‌സ് പൂര്‍ണ്ണമായി മരവിപ്പിക്കുമെന്ന ബ്രാഡ്ഫോര്‍ഡിന്റെ വാഗ്ദാനത്തെ ഒലിവിയ ശക്തമായി എതിര്‍ത്തു. ഇത് ഭാവിയില്‍ നഗരവാസികള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നായിരുന്നു അവരുടെ മുന്നറിയിപ്പ്.

മറുവശത്ത്, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മേയര്‍ എന്ന നിലയില്‍ ഒലിവിയ പ്രോപ്പര്‍ട്ടി ടാക്‌സ് ആകെ 18.6 ശതമാനം വര്‍ധിപ്പിച്ചതിനെ ബ്രാഡ്ഫോര്‍ഡ് വിമര്‍ശിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഒലിവിയ ചൗവിനെ ഫോണില്‍ വിളിച്ച് ബ്രാഡ്ഫോര്‍ഡ് അഭിനന്ദനങ്ങള്‍ അറിയിച്ചു. ജനവിധി അംഗീകരിക്കുന്നുവെന്നും ഒലിവിയ നഗരത്തിന്റെ മേയറാണെന്നതില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രപരമായ വിജയം

2023-ല്‍ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിലൂടെ (Byelection) മേയര്‍ പദവിയിലെത്തിയ ഒലിവിയ ചൗവിന്, ഈ വിജയത്തോടെ പൂര്‍ണ്ണ കാലാവധി (Full term) തികയ്ക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. ആദ്യ പുനഃതിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്ന മേയര്‍ എന്ന അപഖ്യാതി ഒഴിവാക്കാനും ഈ വിജയത്തിലൂടെ അവര്‍ക്ക് സാധിച്ചു. തന്റെ പുതിയ കാലാവധിയുടെ ആദ്യ പടിയായി, സിറ്റി കൗണ്‍സിലിലെ 25 അംഗങ്ങളെയും ഉടന്‍ ഒരുമിച്ച് കൂട്ടി നഗരവികസനത്തിനായുള്ള ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യുമെന്നും ഒലിവിയ ചൗ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!