Saturday, October 31, 2026

‘ആ പിണറായിക്കാലമല്ല കേരളത്തിൽ, എസ്എഫ്ഐ പ്രതിഷേധത്തിനെതിരെ മന്ത്രി റോജി എം ജോൺ

കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദദാന ചടങ്ങിനിടെ എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. ‘ആ പിണറായിക്കാലമല്ല കേരളത്തിൽ, വിരട്ടലിന് മുന്നിൽ വിറയ്ക്കില്ല’ എന്ന തലക്കെട്ടോടെയാണ് മന്ത്രി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചത്. പറയാനുള്ളത് പറഞ്ഞിട്ടാണ് വേദി വിട്ടതെന്നും പ്രതിഷേധം കണ്ട് ഭയപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വർഷങ്ങളുടെ അധ്വാനത്തിനുശേഷം ബിരുദം ഏറ്റുവാങ്ങാൻ എത്തിയ വിദ്യാർഥികളുടെയും അവരുടെ മാതാപിതാക്കളുടെയും സന്തോഷനിമിഷം രാഷ്ട്രീയ ലക്ഷ്യത്തോടെ അലങ്കോലമാക്കാൻ പാടില്ലായിരുന്നുവെന്ന് മന്ത്രി കുറിച്ചു. ഓരോ പ്രതിഷേധത്തിനും രാഷ്ട്രീയമായ വ്യക്തതയും സമരങ്ങൾക്ക് ജനാധിപത്യപരമായ മര്യാദയും വേണം. വിദ്യാർഥികളുടെ സ്വപ്നങ്ങൾ തകർത്തുകൊണ്ടാകരുത് പ്രതിഷേധമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് എത്തിയ വ്യക്തിയെന്ന നിലയിൽ ജനാധിപത്യപരമായ പ്രതിഷേധങ്ങളെയും ആരോഗ്യകരമായ വിയോജിപ്പുകളെയും മാനിക്കുന്നയാളാണ് താനെന്ന് റോജി എം ജോൺ വ്യക്തമാക്കി. ബാനറുകൾ ഉയർത്തി പ്രതിഷേധിച്ചവരോട് ചടങ്ങ് പൂർത്തിയാക്കിയശേഷം ഏത് ചോദ്യത്തിനും മറുപടി നൽകാമെന്ന് അറിയിച്ചിരുന്നു. എന്നാൽ അപ്പോൾത്തന്നെ മറുപടി വേണമെന്ന നിലപാടാണ് പ്രതിഷേധക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ വേദിക്ക് കിലോമീറ്ററുകൾ അകലെ നിൽക്കുന്നവരുടെ പോലും കറുത്ത വസ്ത്രവും കറുത്ത മാസ്കും അഴിപ്പിച്ച പിണറായിക്കാലമല്ല ഇപ്പോൾ കേരളമെന്നും മന്ത്രി കുറിച്ചു. ചോദ്യങ്ങളോടോ സമരങ്ങളോടോ തനിക്ക് ഭയമോ അസഹിഷ്ണുതയോ ഇല്ലെന്നും എന്നാൽ വിദ്യാർഥികളുടെ ജീവിതത്തിലെ വിലപ്പെട്ട നിമിഷം തകർക്കാനുള്ള അഹന്തയ്ക്ക് മുന്നിൽ വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭയിൽ മുൻ വിദ്യാഭ്യാസ മന്ത്രി നടത്തിയെന്നു പറയപ്പെടുന്ന സംഭവങ്ങളെക്കുറിച്ചും ഫേസ്ബുക്ക് കുറിപ്പിൽ റോജി എം ജോൺ പരാമർശിച്ചു. ആ സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്ന് പിന്നീട് കോടതിയിൽ പറഞ്ഞതുപോലെ താൻ നിലപാട് മാറ്റുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം കുറിച്ചു.

എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധത്തിന് മുന്നിൽ വ്യക്തിപരമായോ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തുനിന്നോ മുട്ടുമടക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇരുപത് മിനിറ്റോളം പ്രതിഷേധക്കാർക്കു മുന്നിൽ നിന്നാണ് പറയാനുള്ളത് പറഞ്ഞതെന്നും അത് പൂർത്തിയാക്കാതെ ഒരു വേദിയിൽനിന്നും ഇറങ്ങില്ലെന്നുമാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

മഹാരാജാസ് കോളജിലെ ബിരുദദാന ചടങ്ങിനിടെ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എസ്എഫ്ഐ പ്രതിഷേധം. മന്ത്രി പ്രസംഗിക്കുന്നതിനിടെ പ്രവർത്തകർ ബാനറുകളുമായി വേദിയിലെത്തുകയും മന്ത്രിയെ വളയുകയും ചെയ്തിരുന്നു. തുടർന്ന് ചടങ്ങ് പൂർത്തിയാക്കാതെ മന്ത്രി മടങ്ങി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!