Tuesday, November 3, 2026

കാനഡയില്‍ നിന്ന് മടക്കിയയച്ച ഇന്ത്യക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന; ഈ വര്‍ഷം മാത്രം 4500ലേറെ പേര്‍

ടൊറന്റോ: കാനഡയില്‍ അനധികൃതമായി തങ്ങുന്ന ഇന്ത്യക്കാര്‍ക്കെതിരായ നടപടി ശക്തമാകുന്നു. ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം കാനഡയില്‍ നിന്ന് 4,500-ലധികം ഇന്ത്യക്കാരെ പുറത്താക്കിയതായി കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി (CBSA) വ്യക്തമാക്കി. ചരിത്രത്തിലാദ്യമായാണ് ഇത്രയും ഉയര്‍ന്ന സംഖ്യ രേഖപ്പെടുത്തുന്നത്. ആകെ നടപ്പിലാക്കിയ 16,426 പുറത്താക്കലുകളില്‍ 27 ശതമാനത്തിലേറെയും ഇന്ത്യക്കാരാണ് (4,526 പേര്‍).

2020-ന് ശേഷം ഇതാദ്യമായാണ് കാനഡയില്‍ നിന്ന് പുറത്താക്കപ്പെടുന്ന രാജ്യക്കാരുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമതെത്തുന്നത്. 2020-ല്‍ ആകെ 12,858 ആളുകളെ പുറത്താക്കിയതില്‍ 1,424 പേര്‍ മാത്രമായിരുന്നു ഇന്ത്യക്കാര്‍. അതിനുശേഷമുള്ള വര്‍ഷങ്ങളില്‍ മെക്‌സിക്കോ സ്വദേശികളായിരുന്നു പട്ടികയില്‍ മുന്നില്‍.

2025-ല്‍ 3,779 ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്ക് നേരിട്ടതായിരുന്നു ഇതിനുമുമ്പത്തെ ഉയര്‍ന്ന കണക്ക്. അക്കൊല്ലം ആകെ പുറത്താക്കപ്പെട്ട 23,160 ആളുകളില്‍ 4,837 പേര്‍ മെക്‌സിക്കന്‍ പൗരന്മാരായിരുന്നു. കൂടാതെ, കാനഡ നിലവില്‍ നടപടികള്‍ തുടരുന്ന പുറത്താക്കല്‍ പട്ടികയിലും (removals in progress inventory) ഇന്ത്യക്കാരാണ് മുന്നില്‍. ആകെ 52,457 ആളുകളില്‍ 11,393 പേര്‍ ഇന്ത്യക്കാരാണ്.

കാനഡയില്‍ മൂന്ന് രീതിയിലാണ് പുറത്താക്കല്‍ ഉത്തരവുകള്‍ (Removals) നടപ്പിലാക്കുന്നത്:

  1. ഡീപോര്‍ട്ടേഷന്‍ ഓര്‍ഡര്‍ (Deportation Order): രാജ്യത്തേക്ക് തിരികെ പ്രവേശിക്കുന്നതിന് എഴുതി തയ്യാറാക്കിയ പ്രത്യേക അനുമതി പത്രം ലഭിക്കാത്തപക്ഷം വ്യക്തിക്ക് കാനഡയിലേക്ക് സ്ഥിരമായി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നു.
  2. എക്‌സ്‌ക്ലൂഷന്‍ ഓര്‍ഡര്‍ (Exclusion Order): എഴുത്തുപൂര്‍വ്വമുള്ള അനുമതിയില്ലെങ്കില്‍ ഒരു വര്‍ഷത്തേക്ക് വ്യക്തിക്ക് തിരിച്ചുവരാന്‍ സാധിക്കില്ല. തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചതിന്റെ (Misrepresentation) അടിസ്ഥാനത്തിലാണ് ഈ ഉത്തരവെങ്കില്‍ 5 വര്‍ഷത്തേക്ക് വിലക്ക് നേരിടേണ്ടിവരും.
  3. ഡിപ്പാര്‍ച്ചര്‍ ഓര്‍ഡര്‍ (Departure Order): ഉത്തരവ് പ്രാബല്യത്തില്‍ വന്ന് 30 ദിവസത്തിനകം വ്യക്തി രാജ്യത്തുനിന്ന് പുറത്തുപോകണം. 30 ദിവസത്തിനുള്ളില്‍ രാജ്യം വിട്ടില്ലെങ്കില്‍ ഇത് സ്വയം ഡീപോര്‍ട്ടേഷന്‍ ഓര്‍ഡറായി മാറും.

‘അനധികൃതമായി രാജ്യത്ത് കഴിയുന്നവരെ പുറത്താക്കുന്നത് കാനഡയുടെ കുടിയേറ്റ പദ്ധതിയുടെ സുതാര്യത നിലനിര്‍ത്തുന്നതിനും നിയമപരമായി എത്തുന്നവര്‍ക്ക് നീതി ഉറപ്പാക്കുന്നതിനും അത്യാവശ്യമാണ്,’ എന്ന് CBSA വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!