Tuesday, November 3, 2026

ടൊറന്റോ ക്യാമ്പസിൽ സുരക്ഷാ മുന്നറിയിപ്പ്; സ്ഥിതിഗതികൾ നിയന്ത്രണവിധേയം

ടൊറന്റോ: കാനഡയിലെ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ ടൊറന്റോ സർവകലാശാലയുടെ മിസിസാഗ (UTM) ക്യാമ്പസ് ഹോസ്റ്റലിൽ ആയുധധാരിയായ വ്യക്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ പൊലീസ് സന്നാഹം സ്ഥിതിഗതികൾ വിജയകരമായി നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് ക്യാമ്പസിലെ ‘മക്ലൂഹൻ കോർട്ട്’ വിദ്യാർഥി ഹോസ്റ്റലിൽ മാരകായുധങ്ങളുമായി ഒരാൾ ഒളിച്ചിരിക്കുന്നു എന്ന സന്ദേശം പീൽ റീജനൽ പൊലീസിന് ലഭിക്കുന്നത്. ഇതിന് പിന്നാലെ ഹോസ്റ്റൽ പരിസരത്ത് വെടിയൊച്ച കേട്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

വിവരമറിഞ്ഞ് സ്പെഷ്യൽ ഫോഴ്സ് ഉൾപ്പെടെയുള്ള വൻ പൊലീസ് സംഘം സ്ഥലത്തെത്തി ക്യാമ്പസ് വളഞ്ഞു. അടിയന്തര സുരക്ഷാ നടപടികളുടെ ഭാഗമായി വിദ്യാർഥികളോടും ജീവനക്കാരോടും മുറികൾക്കുള്ളിൽ തന്നെ സുരക്ഷിതമായി തുടരാൻ (Shelter-in-Place) സർവകലാശാല അധികൃതർ അടിയന്തര നിർദ്ദേശം നൽകിയിരുന്നു. ആശങ്കാജനകമായ സാഹചര്യത്തെ തുടർന്ന് ഹോസ്റ്റലിന് സമീപത്തുണ്ടായിരുന്ന നിരവധി ആളുകളെ പൊലീസ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

പൊലീസിന്റെ തന്ത്രപരമായ നീക്കങ്ങൾക്കൊടുവിൽ പുലർച്ചെ രണ്ട് മണിയോടെയാണ് പ്രതിസന്ധിക്ക് പൂർണ്ണ പരിഹാരമായത്. കാമ്പസിലോ പരിസരത്തോ നിലവിൽ പൊതുജനങ്ങൾക്ക് യാതൊരുവിധ സുരക്ഷാ ഭീഷണിയുമില്ലെന്നും പീൽ പൊലീസ് അറിയിച്ചു.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഹോസ്റ്റൽ പരിസരത്ത് പൊലീസ് കാവൽ ശക്തമാക്കി. അപ്രതീക്ഷിത സുരക്ഷാ ഭീഷണിയെത്തുടർന്ന് മാനസിക പ്രയാസമനുഭവിക്കുന്ന വിദ്യാർഥികൾക്കായി സർവകലാശാല പ്രത്യേക കൗൺസിലിങ് സഹായവും ലഭ്യമാക്കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!