പഞ്ചാബ്: പഞ്ചാബിൽ ഓടിക്കൊണ്ടിരുന്ന കർമ്മഭൂമി എക്സ്പ്രസിന്റെ നാല് കോച്ചുകൾക്ക് തീപിടിച്ചു. ആളപായമില്ലെന്ന് നോർത്തേൺ റെയിൽവേ അറിയിച്ചു. അമൃത്സറിൽ നിന്ന് ന്യൂ ജൽപൈഗുരിയിലേക്ക് സർവീസ് നടത്തുന്ന 12508 നമ്പർ കർമ്മഭൂമി എക്സ്പ്രസിനാണ് തീപിടിച്ചത്. പഞ്ചാബിലെ സരായ് ബഞ്ചാര റെയിൽവേ സ്റ്റേഷന് സമീപം ബസന്ത്പുര റെയിൽവേ സ്റ്റേഷനടുത്തുള്ള പ്രദേശത്താണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
ട്രെയിനിന്റെ എഞ്ചിൻ ഭാഗത്തുനിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക വിവരം. തുടർന്ന് നാല് കോച്ചുകളിലേക്ക് തീ വ്യാപിക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക സംശയമെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

സംഭവമറിഞ്ഞ് റെയിൽവേ ഉദ്യോഗസ്ഥരും അഗ്നിരക്ഷാസേനയും മറ്റ് അടിയന്തര സേവന വിഭാഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ട്രെയിനിന്റെ വിവിധ കോച്ചുകളിൽ നിന്ന് തീയും കനത്ത പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അതേസമയം, അപകടത്തിൽ യാത്രക്കാർക്കോ റെയിൽവേ ജീവനക്കാർക്കോ പരുക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളില്ല. തീപിടിത്തത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനുള്ള പരിശോധനകൾ പുരോഗമിക്കുകയാണ്.
