വിനിപെഗ്: മാനിറ്റോബയിലുള്ള റെഡ് റിവറിലേക്ക് വന്‍തോതില്‍ മലിനജലം ഒഴുകിയെത്തിയത് പരിസ്ഥിതി ആശങ്കയ്ക്ക് വഴിവെക്കുന്നു. വിനിപെഗിലെ നോര്‍ത്ത് എന്‍ഡ് വാട്ടര്‍ പോളൂഷന്‍ കണ്‍ട്രോള്‍ സെന്ററിലെ (NEWPCC) രണ്ട് ബൈപാസ് ഗേറ്റുകള്‍ അപ്രതീക്ഷിതമായി തുറന്നതിനെ തുടര്‍ന്ന് ഏകദേശം 98 ലക്ഷം ലിറ്റര്‍ മലിനജലമാണ് പുഴയിലേക്ക് കലര്‍ന്നത്. രണ്ട് മണിക്കൂറിലധികം ഗേറ്റുകള്‍ തുറന്നു കിടന്നതായി സിറ്റി അധികൃതര്‍ സ്ഥിരീകരിച്ചു.
സംഭവത്തില്‍ അടിയന്തര അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു. ഗേറ്റുകള്‍ ഇനി തുറക്കാതിരിക്കാന്‍ പൂട്ടിയതായും പ്രവിശ്യാ-ഫെഡറല്‍ സര്‍ക്കാരുകളെ വിവരമറിയിച്ചതായും വിനിപെഗ് വാട്ടര്‍ ആന്‍ഡ് വേസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ടിം ഷാങ്ക്‌സ് പറഞ്ഞു. ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ സംഭവിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മാനിറ്റോബ പരിസ്ഥിതി മന്ത്രി മൈക്ക് മോയിസ് വ്യക്തമാക്കി.

ഇതിനു മുന്‍പ് 2024-ല്‍ പൈപ്പുകള്‍ പൊട്ടി 22.8 കോടി ലിറ്റര്‍ മലിനജലം ഇതേ പുഴയിലേക്ക് ഒഴുകിയെത്തിയിരുന്നു. വിനിപെഗ് തടാകത്തിലേക്ക് നേരിട്ട് എത്തുന്ന പുഴയായതിനാല്‍, ബാക്ടീരിയകളും മലിനവസ്തുക്കളും ജലജീവികള്‍ക്കും പരിസ്ഥിതിക്കും വന്‍ ഭീഷണിയാകുമെന്ന ആശങ്കയിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍.
