Thursday, November 12, 2026

കശ്മീരിൽ കാണാതായ രണ്ട് സ്പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട നിലയിൽ; ഭീകരർക്കായി വ്യാപക തിരച്ചിൽ

ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ കാണാതായ രണ്ട് സ്പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ദേഹമാസകലം വെടിയേറ്റ നിലയിൽ വനമേഖലയിൽ നിന്നാണ് സുരക്ഷാസേന മൃതദേഹങ്ങൾ കണ്ടെടുത്തത്. ദച്ചൻ സ്വദേശികളായ റീഷിപാൽ (40), ബോബി ചന്ദ് (54) എന്നിവരാണ് കൊല്ലപ്പെട്ടത്. ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഭീകരരെ കണ്ടെത്താൻ സൈന്യവും പൊലീസും സി.ആർ.പി.എഫും സംയുക്തമായി പ്രദേശത്ത് വ്യാപക തിരച്ചിൽ ആരംഭിച്ചു. കൊല്ലപ്പെട്ട ഉദ്യോഗസ്ഥരുടെ ആയുധങ്ങളും കാണാതായിട്ടുണ്ട്.

പട്രോളിങ്ങിനിടെ കാണാതായി

കിഷ്ത്വാറിലെ മർവാർ മേഖലയിലുള്ള ദെഹാർന വനമേഖലയിൽ ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിലെ (SOG) അംഗങ്ങളായ ഇരുവരും കിയാർ ദച്ചനിൽ നിന്ന് ഇന്ദർവാൻ മേഖലയിലെ ബസ്നാനിലേക്ക് പോകുകയായിരുന്നു.

ബസ്നാനിൽ വിന്യസിച്ചിരുന്ന കരസേനയുടെ 17 രാഷ്ട്രീയ റൈഫിൾസ് സംഘത്തിന് പകരം ചുമതലയേൽക്കാനായിരുന്നു യാത്ര. ഇതിനിടെയാണ് ഇരുവരെയും കാണാതായത്.

ബുധനാഴ്ച വൈകിട്ട് 3.30ഓടെ വനമേഖലയിൽ വെടിയൊച്ച കേട്ടതായി പ്രദേശവാസികൾ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ മർവാർ മേഖലയിൽ എയർടെൽ മൊബൈൽ നെറ്റ്‌വർക്ക് സേവനങ്ങളും തടസ്സപ്പെട്ടു. ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതായതോടെ വൈകിട്ട് ഏഴോടെ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിലുള്ള എസ്.ഒ.ജി സംഘം തിരച്ചിൽ ആരംഭിച്ചു. തുടർന്ന് വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് ദച്ചൻ വനമേഖലയിൽ നിന്ന് വെടിയേറ്റ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.

ഭീകരർക്കായി സംയുക്ത തിരച്ചിൽ

ദോഡ മേഖലയിൽ തീവ്രവാദ പ്രവർത്തനങ്ങൾ ശക്തമായിരുന്ന കാലത്ത് കിഷ്ത്വാറിലെ ദച്ചൻ, മർവാർ തുടങ്ങിയ ഉയർന്ന മലനിരകൾ ഹിസ്ബുൽ മുജാഹിദീൻ ഭീകരരുടെ പ്രധാന താവളങ്ങളായിരുന്നു. ഈ പശ്ചാത്തലത്തിൽ പ്രദേശം വളഞ്ഞാണ് സുരക്ഷാസേന തിരച്ചിൽ നടത്തുന്നത്. പാക് ഭീകരരുടെ സാന്നിധ്യമുണ്ടാകാമെന്നും സുരക്ഷാസേന വിലയിരുത്തുന്നു.

കുൽഗാമിലും സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം

അതിനിടെ കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ ചെക്ക്പോസ്റ്റിന് നേരെ മറ്റൊരു ആക്രമണവും റിപ്പോർട്ട് ചെയ്തു. മോട്ടോർ സൈക്കിളിലെത്തിയ അജ്ഞാതരായ അക്രമികൾ നടത്തിയ വെടിവെപ്പിൽ മൂന്ന് സി.ആർ.പി.എഫ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു.

ആക്രമണം നടത്തിയവരെ കണ്ടെത്തുന്നതിനായി കുൽഗാമിലും സുരക്ഷാസേന തിരച്ചിൽ തുടരുകയാണ്. തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജമ്മു കശ്മീരിലെ വിവിധ മേഖലകളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!