Thursday, November 12, 2026

കെബെക്കിൽ അനുസ്മരണദിന ചടങ്ങിനിടെ വിമാനം തകർന്നുവീണ് പൈലറ്റിന് ദാരുണാന്ത്യം

മൺട്രിയോൾ: കെബെക്കിൽ അനുസ്മരണദിന (Remembrance Day) ചടങ്ങിനിടെ വിമാനം തകർന്നുവീണ് പൈലറ്റിന് ദാരുണാന്ത്യം. ബുധനാഴ്ച രാവിലെ ബ്യൂസ് മേഖലയിലെ സെന്റ് ജോർജസ് നഗരത്തിലെ വിമാനത്താവളത്തിന് സമീപമുള്ള വനമേഖലയിലാണ് അപകടമുണ്ടായത്. അപകടസമയത്ത് മറ്റാരും വിമാനത്തിലുണ്ടായിരുന്നില്ലെന്ന് കെബെക്ക് പ്രവിശ്യാ പൊലീസ് അറിയിച്ചു.

റേഡിയോ-കാനഡയുടെ റിപ്പോർട്ട് പ്രകാരം മരിച്ചത് 68കാരനായ ഡാനിയൽ പേരന്റാണ്. പ്രാദേശിക വിമാന ക്ലബ്ബായ ക്ലബ് എയറോനോട്ടിക് ഡി ബ്യൂസിലെ അംഗമായിരുന്നു അദ്ദേഹം. എന്നാൽ പൊലീസ് ഔദ്യോഗികമായി പേര് പുറത്തുവിട്ടിട്ടില്ല.

അനുസ്മരണദിന ചടങ്ങിന്റെ ഭാഗമായി ആറ് സ്വകാര്യ വിമാനങ്ങൾ ചേർന്ന് ‘മിസിങ് മാൻ ഫോർമേഷൻ’ എന്ന പ്രത്യേക വ്യോമപ്രകടനം നടത്തുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് സെന്റ് ജോർജസ് മേയർ മനോൺ ബൂജി അറിയിച്ചു.

ചടങ്ങിനിടെ വിമാനം ലാൻഡിങ്ങിനായി താഴേക്ക് വരുന്നതിനിടെയാണ് തകർന്നുവീണതെന്ന് നഗരത്തിലെ അഗ്നിരക്ഷാസേനാ മേധാവി ഫ്രെഡറിക് മോറി പറഞ്ഞു. അപകടവിവരം ലഭിച്ച് ആറുമിനിറ്റിനുള്ളിൽ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും വിമാനം പൂർണമായും തീപിടിച്ചിരുന്നതിനാൽ പൈലറ്റിനെ രക്ഷിക്കാനായില്ല.

അപകടസ്ഥലത്തുനിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെ താമസിക്കുന്ന മിഷേൽ റോഡ്രിഗ് വലിയ ശബ്ദം കേട്ടാണ് അപകടവിവരം അറിഞ്ഞത്. ലോഹം കൂട്ടിയിടിക്കുന്നതുപോലുള്ള ശബ്ദമാണ് ആദ്യം കേട്ടതെന്ന് അദ്ദേഹം പറഞ്ഞു.

പുറത്തേക്ക് നോക്കിയപ്പോൾ വനമേഖലയിൽ വിമാനം തകർന്നുവീണതും തീപിടിച്ചതും കണ്ടു. തീ അണയ്ക്കാൻ ചെറിയ അഗ്നിശമന ഉപകരണങ്ങളുമായി എത്തിയെങ്കിലും തീയുടെ വ്യാപ്തി കാരണം അതുകൊണ്ട് കാര്യമുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അപകടത്തിൽ അന്വേഷണം ആരംഭിച്ചു

അപകടത്തിൽ കെബെക്ക് മുഖ്യമന്ത്രി പോൾ സെന്റ്-പിയറി പ്ലാമോണ്ടൻ അനുശോചനം രേഖപ്പെടുത്തി. ഫെഡറൽ ഗതാഗത മന്ത്രി സ്റ്റീവൻ മക്കിന്നനും പൈലറ്റിന്റെ മരണത്തിൽ ദുഃഖം അറിയിച്ചു.

കാനഡയിലെ ഗതാഗത സുരക്ഷാ ബോർഡ് (Transportation Safety Board of Canada) അപകടസ്ഥലത്ത് അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കെബെക്ക് പ്രവിശ്യാ പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!