സെന്റ് ജോണ്‍സ്: ന്യൂഫിന്‍ലന്‍ഡ് ആന്‍ഡ് ലാബ്രഡോര്‍ പ്രവിശ്യയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ ജോലി രാജിവയ്ക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 35 ഉദ്യോഗസ്ഥരാണ് പോലീസ് സേന വിട്ടതെന്ന് റോയല്‍ ന്യൂഫിന്‍ലാന്‍ഡ് കോണ്‍സ്റ്റാബുലറി അസോസിയേഷന്‍ (RNCA) പ്രസിഡന്റ് കോണ്‍സ്റ്റബിള്‍ ഷെയ്ന്‍ മക്ലാഫെര്‍ട്ടി വ്യക്തമാക്കി. സമീപകാല ചരിത്രത്തില്‍ ഇത്രയും ഉയര്‍ന്ന നിരക്കിലുള്ള കൊഴിഞ്ഞുപോക്ക് ആദ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍, സങ്കീര്‍ണ്ണമായ അന്വേഷണങ്ങള്‍, വര്‍ധിച്ച പേപ്പര്‍ വര്‍ക്കുകളും നിയമപരമായ നടപടിക്രമങ്ങളും, അക്രമാസക്തമായ കുറ്റകൃത്യങ്ങളുടെ വര്‍ധന എന്നിവ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ കടുത്ത മാനസിക സമ്മര്‍ദ്ദമാണ് ഉണ്ടാക്കുന്നത്. ഇതാണ് പലരും പോലീസ് സേന വിട്ട് സ്വകാര്യ മേഖലകളിലേക്ക് മാറാന്‍ നിര്‍ബന്ധിതരാകുന്നത്. മുന്‍കാലങ്ങളില്‍ ഒരിക്കല്‍ പോലീസ് സേനയില്‍ ചേര്‍ന്നാല്‍ മുപ്പതോ നാല്‍പ്പതോ വര്‍ഷം ജോലിയില്‍ തുടരുന്നതായിരുന്നു രീതി. എന്നാല്‍ ഇന്ന് ആ സാഹചര്യമല്ലെന്ന് മക്ലാഫെര്‍ട്ടി ചൂണ്ടിക്കാട്ടി.

സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കണക്കുകള്‍ പ്രകാരം 2009-ല്‍ 917 ആയിരുന്ന പ്രവിശ്യയിലെ പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 2025-ല്‍ 870 ആയി കുറഞ്ഞു. അതേസമയം, ഓരോ ഉദ്യോഗസ്ഥനും കൈകാര്യം ചെയ്യേണ്ട കേസുകളുടെ എണ്ണവും കുറ്റകൃത്യങ്ങളുടെ തീവ്രതയും ഗണ്യമായി വര്‍ധിച്ചു. മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികളിലും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസുകളിലും പരിഹാരം കാണാന്‍ കഴിയാതെ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടുന്നതായും സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പോലീസിനെ ആശ്രയിക്കുന്ന പ്രവണത ജോലിഭാരം കൂട്ടുന്നതായും അദ്ദേഹം പറഞ്ഞു.
അന്വേഷണങ്ങളുടെ ദൈര്‍ഘ്യവും സങ്കീര്‍ണ്ണതയും വലിയ വെല്ലുവിളിയാണ്. അധ്യാപകനും വോളിബോള്‍ പരിശീലകനുമായിരുന്ന മാര്‍ക്കസ് ഹിക്‌സിനെതിരെ ലൈംഗികാതിക്രമ കേസുകളില്‍ തെളിവുകള്‍ ശേഖരിക്കാന്‍ ആയിരക്കണക്കിന് മണിക്കൂറുകളാണ് ഉദ്യോഗസ്ഥര്‍ക്ക് ചെലവഴിക്കേണ്ടി വന്നത്. പരിമിതമായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നത് വലിയ സമ്മര്‍ദ്ദമുണ്ടാക്കുന്നു. കാനഡയിലെ പ്രായമാകുന്ന ജനസംഖ്യയും 18-നും 32-നും ഇടയിലുള്ള യുവാക്കളുടെ എണ്ണം കുറയുന്നതും പോലീസ് സേനയിലേക്കുള്ള പുതിയ നിയമനങ്ങളെ ബാധിക്കുന്നതായി മൗണ്ട് റോയല്‍ സര്‍വകലാശാലയിലെ ക്രിമിനല്‍ ജസ്റ്റിസ് പ്രൊഫസര്‍ ഡഗ് കിംഗ് അഭിപ്രായപ്പെട്ടു. 2026 മാര്‍ച്ചില്‍ പുറത്തുവന്ന ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ടിലും കാനഡയിലെ പോലീസ് സേനകളിലെ ഒഴിവുകളെയും നിയമന പ്രതിസന്ധികളെയും കുറിച്ച് ചൂണ്ടിക്കാട്ടിയിരുന്നു.
ഉദ്യോഗസ്ഥരുടെ തൊഴില്‍-ജീവിത സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനായി പ്രവിശ്യാ സര്‍ക്കാരുമായി അസോസിയേഷന്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് സേനയ്ക്കുള്ളില്‍ തന്നെ വിവിധ വിഭാഗങ്ങളിലേക്ക് മാറി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കണമെന്നും സങ്കീര്‍ണ്ണമായ സാമൂഹിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്നും മക്ലാഫെര്‍ട്ടി ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ പോലീസ് സേനയില്‍ കൂടുതല്‍ നിക്ഷേപം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
