മനില: അമേരിക്കയുമായുള്ള വ്യാപാര കരാർ ചർച്ചകളിൽ പുരോഗതിയുണ്ടായതായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ച ദീർഘവും ക്രിയാത്മകവുമായിരുന്നുവെന്നും വ്യാപാര കരാറിന്റെ കാര്യത്തിൽ ഇരുരാജ്യങ്ങളും മികച്ച മുന്നേറ്റം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അന്തിമ ധാരണയിലെത്തിയിട്ടില്ലെന്നും കാർണി കൂട്ടിച്ചേർത്തു.
ഫിലിപ്പീൻസിലെ മനിലയിൽ നടക്കുന്ന 49-ാമത് ആസിയാൻ (ASEAN) ഉച്ചകോടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ നേതാക്കളുമായും കാർണി കൂടിക്കാഴ്ച നടത്തുന്നുണ്ട്.

അമേരിക്കയുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ തുടരുന്നതിനിടെയാണ് നാറ്റോ സഖ്യത്തെക്കുറിച്ചുള്ള കാനഡയുടെ നിലപാടും അദ്ദേഹം വ്യക്തമാക്കിയത്. സൈനിക സഖ്യമായ നാറ്റോയിൽ നിന്ന് കാനഡ ഒരിക്കലും പിന്മാറില്ലെന്ന് കാർണി ഉറപ്പിച്ചു പറഞ്ഞു.
യൂറോപ്പിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ യൂറോപ്യൻ രാജ്യങ്ങളും നാറ്റോയും ചേർന്നാണ് കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. യൂറോപ്പിന്റെ സുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ച തീരുമാനങ്ങളിൽ റഷ്യയ്ക്ക് യാതൊരു പങ്കുമുണ്ടാകില്ലെന്നും കാർണി കൂട്ടിച്ചേർത്തു.
