വിനിപെഗ്: ജീവിതച്ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ സാധാരണക്കാർക്ക് ആശ്വാസം നൽകാൻ വൻകിട എണ്ണക്കമ്പനികളും പലചരക്ക് വ്യാപാരികളും ലാഭത്തിൽ കുറവ് വരുത്തണമെന്ന് മാനിറ്റോബ പ്രീമിയർ വാബ് കിന്യൂ. പൊതുസേവനങ്ങൾക്കുള്ള സർക്കാർ ചെലവുകൾ കുറയ്ക്കാതെ വിലക്കയറ്റം നിയന്ത്രിക്കാൻ പ്രവിശ്യാ സർക്കാരിന് പരിമിതികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിനിപെഗിലെ ആർ.ബി.സി കൺവെൻഷൻ സെന്ററിൽ നടന്ന മാനിറ്റോബ എൻ.ഡി.പി (NDP) വാർഷിക സമ്മേളനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കിന്യൂ. ഇന്ധന നികുതി കുറയ്ക്കൽ, വൈദ്യുതി നിരക്കും പാൽവിലയും മരവിപ്പിക്കൽ, പലചരക്ക് സാധനങ്ങളുടെ വിൽപ്പന നികുതി ഒഴിവാക്കൽ തുടങ്ങിയ നടപടികളിലൂടെ ജനങ്ങൾക്ക് ആശ്വാസം നൽകാൻ സർക്കാരിന് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ, ഇത്തരം നികുതി ഇളവുകൾ സർക്കാർ വരുമാനത്തെ ബാധിക്കുന്നുണ്ട്. കൂടുതൽ നികുതി ഇളവുകൾ തുടർന്നാൽ നഴ്സുമാർ, പൊലീസ് ഉദ്യോഗസ്ഥർ, അധ്യാപകർ എന്നിവരുടെ ശമ്പളത്തെയും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ ചെലവുകളെയും ബാധിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
റെക്കോർഡ് ലാഭത്തിൽ എണ്ണക്കമ്പനികളും ഗ്രോസറി ഭീമന്മാരും
സാധാരണക്കാർ നിത്യച്ചെലവുകൾ നേരിടാൻ പ്രയാസപ്പെടുമ്പോൾ വൻകിട ഊർജ കമ്പനികളും പലചരക്ക് വ്യാപാരികളും റെക്കോർഡ് ലാഭം നേടുകയാണെന്ന് കിന്യൂ വിമർശിച്ചു. ഇറാൻ യുദ്ധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള ആഗോള എണ്ണവിതരണത്തിൽ തടസ്സമുണ്ടായതോടെ മാനിറ്റോബയിലും ഇന്ധനവില കുതിച്ചുയർന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി.

മാനിറ്റോബയിലേക്ക് ഇന്ധനം എത്തുന്നത് ആൽബർട്ടയിൽ നിന്നാണെങ്കിലും അന്താരാഷ്ട്ര വിപണിയിലെ വിലയുടെ അടിസ്ഥാനത്തിൽ ഉപഭോക്താക്കളിൽ നിന്ന് പണം ഈടാക്കി എണ്ണക്കമ്പനികൾ വലിയ ലാഭം നേടുകയാണെന്നാണ് പ്രീമിയറുടെ ആരോപണം.
കോർപ്പറേറ്റുകളുടെ ലാഭം നിയന്ത്രിക്കാൻ സ്വീകരിക്കാനുദ്ദേശിക്കുന്ന കൃത്യമായ നടപടികൾ അദ്ദേഹം വിശദീകരിച്ചില്ല. അതേസമയം, വിപണിയിലെ മത്സരം വർധിപ്പിക്കാനും ഉപഭോക്താക്കളിൽ നിന്ന് വ്യത്യസ്ത വിലകൾ ഈടാക്കുന്ന പ്രവണത തടയാനും സർക്കാർ നേരത്തെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2027 തിരഞ്ഞെടുപ്പിന് എൻ.ഡി.പി ഒരുങ്ങുന്നു
2027 ഒക്ടോബർ അഞ്ചിന് നടക്കാനിരിക്കുന്ന പ്രവിശ്യാ തിരഞ്ഞെടുപ്പിന് എൻ.ഡി.പി പൂർണ സജ്ജമാണെന്നും വാബ് കിന്യൂ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി 3.5 ദശലക്ഷം ഡോളർ സമാഹരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
നിലവിലുള്ള 34 സീറ്റുകളിൽ നിന്ന് ഗ്രാമീണ മേഖലകളിലടക്കം കൂടുതൽ സീറ്റുകൾ നേടി നിയമസഭയിലെ ഭൂരിപക്ഷം വർധിപ്പിക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം.
2025-26 സാമ്പത്തിക വർഷത്തിലെ ബജറ്റ് കമ്മി നേരത്തെ പ്രതീക്ഷിച്ചതിന്റെ പകുതിയായി, 832 ദശലക്ഷം ഡോളറായി കുറയ്ക്കാൻ സാധിച്ചതായും കിന്യൂ പറഞ്ഞു. 2023ൽ നൽകിയ വാഗ്ദാനപ്രകാരം അടുത്ത വർഷം ബജറ്റ് സന്തുലിതമാക്കിയ ശേഷമേ ജനവിധി തേടുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിലക്കയറ്റം നിയന്ത്രിക്കുന്നതിനൊപ്പം പൊതുസേവനങ്ങളുടെ നിലവാരം നിലനിർത്തുക എന്ന ഇരട്ട വെല്ലുവിളിയാണ് മാനിറ്റോബ സർക്കാരിന് മുന്നിലുള്ളത്. കോർപ്പറേറ്റുകളുടെ ലാഭവും ഉപഭോക്താക്കളുടെ ജീവിതച്ചെലവും സംബന്ധിച്ച ചർച്ചകൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും പ്രധാന വിഷയമാകുമെന്നാണ് വിലയിരുത്തൽ.
