ഓട്ടവ: അടുത്ത മാസം കാനഡയിലെ ആല്‍ബര്‍ട്ടയില്‍ നടക്കാനിരിക്കുന്ന ലോക ജൂനിയര്‍ ഐസ് ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് റഷ്യയെ ഒഴിവാക്കിയതിനെത്തുടര്‍ന്ന്, ടൂര്‍ണമെന്റ് കാനഡയില്‍ നിന്ന് മറ്റൊരു രാജ്യത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി റഷ്യ രംഗത്ത്. റഷ്യ ഉള്‍പ്പെടെയുള്ള എല്ലാ യോഗ്യരായ ടീമുകള്‍ക്കും പങ്കെടുക്കാന്‍ സൗകര്യമൊരുക്കുന്ന രാജ്യത്തേക്ക് മത്സരം മാറ്റുന്നതാണ് ഏക ഉചിതമായ തീരുമാനമെന്ന് റഷ്യന്‍ കായിക മന്ത്രി മിഖായേല്‍ ദെഗ്ത്യാര്യേവ് (Mikhail Degtyaryov) ആവശ്യപ്പെട്ടു. ഭാവിയില്‍ അന്താരാഷ്ട്ര കായിക മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള കാനഡയുടെ അവകാശത്തിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ഒക്ടോബര്‍ 30-ന് കായിക തര്‍ക്കപരിഹാര കോടതി (CAS) റഷ്യന്‍ ടീമുകളെ അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പുകളില്‍ തിരിച്ചെടുക്കാന്‍ അന്താരാഷ്ട്ര ഐസ് ഹോക്കി ഫെഡറേഷനോട് (IIHF) ഉത്തരവിട്ടിരുന്നു. എന്നാല്‍, യുക്രെയ്നിലെ അധിനിവേശം തുടരുന്നിടത്തോളം റഷ്യന്‍ താരങ്ങളെ കാനഡയില്‍ മത്സരിക്കാന്‍ അനുവദിക്കില്ലെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി നവംബര്‍ 3-ന് വ്യക്തമാക്കിയിരുന്നു. സാധുവായ കനേഡിയന്‍ വീസ ഉണ്ടെങ്കില്‍ പോലും റഷ്യന്‍ താരങ്ങള്‍ക്ക് പ്രവേശനം നല്‍കില്ലെന്ന് ഓട്ടവ പിന്നീട് വ്യക്തമാക്കുകയും ചെയ്തു.

ഈ സാഹചര്യത്തില്‍, കാനഡയുടെ നിയന്ത്രണങ്ങള്‍ക്കിടയിലും ഡിസംബര്‍ 26 മുതല്‍ ജനുവരി 5 വരെ എഡ്മിന്റന്‍, റെഡ് ഡീര്‍ എന്നിവിടങ്ങളില്‍ വെച്ച് തന്നെ ടൂര്‍ണമെന്റ് നടത്തുമെന്ന് IIHF ഞായറാഴ്ച സ്ഥിരീകരിച്ചു. ബദല്‍ ക്രമീകരണങ്ങളുടെ സാധ്യതകള്‍ വിലയിരുത്തിയ ശേഷമാണ് ഈ തീരുമാനമെന്നും, റഷ്യയ്ക്ക് പകരം നോര്‍വേ ടൂര്‍ണമെന്റില്‍ തുടരുമെന്നും ഫെഡറേഷന്‍ അറിയിച്ചു. തീരുമാനത്തെ ഹോക്കി കാനഡ സ്വാഗതം ചെയ്തു.
അതേസമയം, IIHF-ന്റെ നടപടി രാഷ്ട്രീയ പ്രേരിതവും നിയമവിരുദ്ധവുമാണെന്ന് റഷ്യന്‍ ഐസ് ഹോക്കി ഫെഡറേഷന്‍ കുറ്റപ്പെടുത്തി. കായിക തര്‍ക്കപരിഹാര കോടതിയുടെ വിധി നടപ്പിലാക്കുന്നതിനായി എല്ലാ നിയമവഴികളും തേടുമെന്നും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് (IOC) അപ്പീല്‍ നല്‍കുമെന്നും റഷ്യ വ്യക്തമാക്കി. 2022-ല്‍ യുക്രെയ്ന്‍ അധിനിവേശം ആരംഭിച്ചതു മുതല്‍ റഷ്യയ്ക്കും ബെലാറസിനും അന്താരാഷ്ട്ര ഹോക്കിയില്‍ വിലക്കുണ്ട്. ഫിന്‍ലന്‍ഡ്, സ്വീഡന്‍, ചെക്കിയ, നോര്‍വേ, ഡെന്‍മാര്‍ക്ക്, ലാത്വിയ, ഓസ്ട്രിയ എന്നീ രാജ്യങ്ങളും റഷ്യയ്ക്കെതിരെ കളിക്കില്ലെന്ന് നേരത്തെ നിലപാടെടുത്തിരുന്നു.
