വാഷിങ്ടൺ: എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങുമായി ബന്ധപ്പെട്ട വ്യക്തിബന്ധ വിവാദങ്ങൾക്കിടെ, ആലീസ് ഹുവാങ്ങിന്റെ ഭർത്താവ് കാങ് വേ ചൈനയിലുടനീളം 9 ബില്യൺ ഡോളറിലധികം നിക്ഷേപത്തിൽ ഡാറ്റാ സെന്റർ ശൃംഖല വികസിപ്പിച്ചതായി റിപ്പോർട്ട്. അമേരിക്കൻ മാധ്യമമായ ദി വാൾസ്ട്രീറ്റ് ജേണലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
2021 മുതൽ 2024 വരെയുള്ള കാലയളവിൽ കാങ് വെയുടെ സംരംഭങ്ങളുമായി ബന്ധപ്പെട്ട നിക്ഷേപം 9 ബില്യൺ ഡോളർ (ഏകദേശം 900 കോടി ഡോളർ) കവിഞ്ഞതായാണ് റിപ്പോർട്ട്. ചൈനയുടെ ദേശീയ എഐ കമ്പ്യൂട്ടിങ് ശേഷി വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സർക്കാർ സ്ഥാപനങ്ങളുടെ പിന്തുണയോടെയാണ് പദ്ധതികൾ നടപ്പാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

ബെയ്ജിങ്ങിന്റെ കമ്പ്യൂട്ടിങ് അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കാങ് വേ ഡാറ്റാ സെന്റർ ശൃംഖല വികസിപ്പിച്ചത്. ഇതേ കാലയളവിൽ ഭാര്യ ആലീസ് ഹുവാങിന് ജെൻസൻ ഹുവാങ്ങുമായി വ്യക്തിബന്ധമുണ്ടായിരുന്നുവെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു.
അതേസമയം, അമേരിക്കയുടെ കയറ്റുമതി നിയന്ത്രണങ്ങൾ മറികടന്ന് അത്യാധുനിക എൻവിഡിയ സെമികണ്ടക്ടറുകൾ ചൈനയിലെത്തിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ യുഎസ് അധികൃതർ അന്വേഷണം നടത്തുന്നതായും റിപ്പോർട്ടിലുണ്ട്. ആലീസ് ഹുവാങ്ങ് ജോലി ചെയ്തിരുന്ന സ്ഥാപനമായ മെഗാസ്പീഡ് സംഭരിച്ച എൻവിഡിയ ചിപ്പുകളിൽ ഒരു ഭാഗമെങ്കിലും പിന്നീട് ചൈനയിലേക്ക് അയച്ചതായാണ് വാൾസ്ട്രീറ്റ് ജേണലിന്റെ കണ്ടെത്തൽ.
ചൈനയുടെ എഐ സാങ്കേതികവിദ്യാ ശേഷി വർധിപ്പിക്കുന്നതിനായി ദമ്പതികൾ പരസ്പരം ബന്ധപ്പെട്ട രീതിയിൽ പ്രവർത്തിച്ചിരുന്നുവെന്ന് സൂചിപ്പിക്കുന്ന രേഖകൾ ലഭിച്ചതായും റിപ്പോർട്ട് പറയുന്നു. ചൈനീസ് രഹസ്യാന്വേഷണ ഏജൻസികൾക്ക് ആലീസ് ഹുവാങ് വിവരങ്ങൾ കൈമാറിയിട്ടുണ്ടാകാമെന്ന സംശയവും യുഎസ് ഉദ്യോഗസ്ഥർ ഉന്നയിക്കുന്നുണ്ട്.
