ടൊറന്റോ: ഒന്റാരിയോ ലിബറല്‍ പാര്‍ട്ടിയുടെ അടുത്ത നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള റാങ്ക്ഡ് ബാലറ്റ് വോട്ടെടുപ്പ് വെള്ളിയാഴ്ച അവസാനിക്കും. ശനിയാഴ്ച ടൊറന്റോയില്‍ നടക്കുന്ന പ്രത്യേക സമ്മേളനത്തില്‍ ഫലം പ്രഖ്യാപിക്കും. 2030-ല്‍ നടക്കാനിരിക്കുന്ന അടുത്ത പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഒന്റാരിയോയിലെ ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനും, ദീര്‍ഘകാലം പാര്‍ട്ടിയെ നയിക്കാനും പ്രാപ്തനായ ഒരു നേതാവിനെയാണ് ലിബറലുകള്‍ ലക്ഷ്യമിടുന്നത്.
നിലവില്‍ നിയമസഭാംഗവും മുന്‍ ആശുപത്രി എക്സിക്യൂട്ടീവുമായ ലീ ഫെയര്ക്ലോഫ് (Lee Fairclough), മുന്‍ ഫെഡറല്‍ മന്ത്രിയും റോജേഴ്സ് എക്സിക്യൂട്ടീവുമായിരുന്ന നവദീപ് ബെയിന്‍സ് (Navdeep Bains), നിയമസഭാംഗവും മുന്‍ ബാങ്ക് എക്സിക്യൂട്ടീവുമായ സ്റ്റെഫാനി ബോമാന്‍ (Stephanie Bowman), മുന്‍ രാഷ്ട്രീയ തന്ത്രജ്ഞനായ ഡിലന് മറാന്ഡോ (Dylan Marando) എന്നിവരാണ് മത്സരരംഗത്തുള്ളത്.

പൊതുജനങ്ങള്‍ക്കിടയില്‍ ഇവര്‍ക്ക് വലിയ പരിചിതത്വമില്ലെങ്കിലും, ലീ ഫെയര്ക്ലോഫും നവദീപ് ബെയിന്‍സും തമ്മിലായിരിക്കും പ്രധാന മത്സരമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. 2023-ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണത്തെ മത്സരം ഏറെ സൗഹാര്ദ്ദപരമായിരുന്നതിനാല്, തിരഞ്ഞെടുക്കപ്പെടുന്ന പുതിയ നേതാവിന് കീഴില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി അണിനിരക്കുമെന്ന് മുതിര്‍ന്ന തന്ത്രജ്ഞ ബ്ലൂ നോക്സ് അഭിപ്രായപ്പെട്ടു.
മുന്‍ നേതാക്കളായ സ്റ്റീവന്‍ ഡെല്‍ ഡ്യൂക്കയും ബോണി ക്രോംബിയും രണ്ട് വര്‍ഷം വീതം മാത്രമാണ് പദവിയിലിരുന്നതെന്നും, ഇരുവര്‍ക്കും നിയമസഭയില്‍ സീറ്റില്ലാതിരുന്നതും തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാന്‍ കഴിയാതിരുന്നതും പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍, അടുത്ത നേതാവിന് നിയമസഭയില്‍ സീറ്റ് ഉണ്ടായിരിക്കണമെന്ന ആവശ്യം ലീ ഫെയര്ക്ലോഫും സ്റ്റെഫാനി ബോമാനും ശക്തമായി ഉന്നയിക്കുന്നുണ്ട്.
അതേസമയം, നിയമസഭയില്‍ സീറ്റില്ലാത്ത ഒരാളാണ് തിരഞ്ഞെടുക്കപ്പെടുന്നതെങ്കില്‍ സീറ്റ് നേടുന്നതിനായി വ്യക്തമായൊരു പദ്ധതി ഉണ്ടായിരിക്കണമെന്ന് ഇടക്കാല നേതാവ് ജോണ്‍ ഫ്രേസര്‍ മുന്നറിയിപ്പ് നല്കി. പ്രീമിയര്‍ ഡഗ് ഫോര്‍ഡിനെ വിമര്‍ശിക്കുന്നതിനപ്പുറം ജനങ്ങള്‍ക്ക് വിശ്വസിക്കാവുന്ന നയങ്ങള്‍ രൂപീകരിക്കുകയും സംസ്ഥാനത്തുടനീളം സഞ്ചരിച്ച് ജനങ്ങളുമായി സംവദിക്കുകയുമാണ് പുതിയ നേതാവിന്റെ പ്രധാന ദൗത്യമെന്നും ജോണ്‍ ഫ്രേസര്‍ വ്യക്തമാക്കി.
2018-ല്‍ ഔദ്യോഗിക പാര്‍ട്ടി പദവി നഷ്ടമായ ലിബറലുകള്‍ 2025-ലെ തിരഞ്ഞെടുപ്പില്‍ 14 സീറ്റുകള്‍ നേടിയാണ് അത് തിരിച്ചുപിടിച്ചത്. ഏകദേശം 55,000 പാര്‍ട്ടി അംഗങ്ങള്‍ക്കാണ് ഇത്തവണ വോട്ടവകാശമുള്ളത്; തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം അംഗത്വം ഇരട്ടിയായെങ്കിലും, 2023-ലെ നേതൃതിരഞ്ഞെടുപ്പ് സമയത്തുണ്ടായിരുന്ന അംഗബലത്തിന്റെ പകുതി മാത്രമാണിത്.
