അബുദാബി: മൂന്നാം കക്ഷി വിൽപ്പനക്കാർ വഴി വിൽക്കുന്ന ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും കാര്യത്തിൽ യുഎഇയിലെ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമുകളുടെ നിയമപരമായ ഉത്തരവാദിത്തം വർധിപ്പിച്ച് ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങളിൽ ഭേദഗതി. 2026ലെ കാബിനറ്റ് തീരുമാനം നമ്പർ 166 പ്രകാരമാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ ബാധ്യതകൾ വിപുലീകരിച്ചത്.
പുതിയ വ്യവസ്ഥകൾ പ്രകാരം, ഒരു സ്വതന്ത്ര വിൽപ്പനക്കാരനിൽ നിന്നാണ് ഉൽപ്പന്നം വാങ്ങിയതെന്ന കാരണത്താൽ ഉപഭോക്താക്കളുടെ പരാതികളിൽ നിന്ന് പ്ലാറ്റ്ഫോം ഓപ്പറേറ്റർമാർക്ക് ഒഴിഞ്ഞുമാറാനാകില്ല. കേടായ ഉൽപ്പന്നങ്ങൾ, പരസ്യത്തിൽ നൽകിയ വിവരണത്തിന് വിരുദ്ധമായ സാധനങ്ങൾ, വാറന്റി, റീഫണ്ട്, പകരം ഉൽപ്പന്നം നൽകൽ, ഓൺലൈനായി ബുക്ക് ചെയ്ത സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ പ്ലാറ്റ്ഫോമുകൾക്കും ഉത്തരവാദിത്തമുണ്ടാകും.
വെബ്സൈറ്റുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, മറ്റ് ആധുനിക സാങ്കേതിക സംവിധാനങ്ങൾ എന്നിവയിലൂടെ പരസ്യം ചെയ്യുകയോ വിൽക്കുകയോ ചെയ്യുന്ന ഉൽപ്പന്നങ്ങളും സേവനങ്ങളും പുതിയ ഭേദഗതിയുടെ പരിധിയിൽ ഉൾപ്പെടും. നേരത്തെയുള്ള ചട്ടങ്ങളിൽ പ്ലാറ്റ്ഫോമുകളിലൂടെ വിൽക്കുന്ന മൂന്നാം കക്ഷി ഉൽപ്പന്നങ്ങളിലെ തകരാറുകളുമായി ബന്ധപ്പെട്ടായിരുന്നു പ്രധാനമായും ഉത്തരവാദിത്തം നിശ്ചയിച്ചിരുന്നത്.
അതേസമയം, അസാധാരണമായ വിപണി സാഹചര്യങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും സാധനങ്ങളുടെയും സേവനങ്ങളുടെയും വില നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ അധികാരങ്ങളും ഭേദഗതിയിലൂടെ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികൾ നിശ്ചയിക്കുന്ന പരിധിയേക്കാൾ ഉയർന്ന വിലയ്ക്ക് ഉൽപ്പന്നങ്ങളോ സേവനങ്ങളോ വിൽക്കാൻ സ്ഥാപനങ്ങൾക്ക് അനുവാദമുണ്ടാകില്ല.

അനധികൃതമായി അധിക തുക ഈടാക്കിയാൽ അത് ഉപഭോക്താക്കൾക്ക് തിരികെ നൽകണം. വാണിജ്യ രേഖകൾ, ഇൻവോയ്സുകൾ, അക്കൗണ്ടിങ് വിവരങ്ങൾ തുടങ്ങിയ തെളിവുകളുടെ അടിസ്ഥാനത്തിൽ സാമ്പത്തിക-ടൂറിസം മന്ത്രാലയത്തിനോ ബന്ധപ്പെട്ട അധികൃതർക്കോ അധികമായി ഈടാക്കിയ തുക കണക്കാക്കാനും സാധിക്കും. ഇത്തരം സാഹചര്യങ്ങളിൽ അധിക തുക തിരിച്ചുപിടിക്കുന്നതിനും ബാധകമായ നിയമപ്രകാരം നഷ്ടപരിഹാരം തേടുന്നതിനും ഉപഭോക്താക്കൾക്ക് അവകാശമുണ്ടാകും.
എന്നാൽ, പുതിയ ഭേദഗതി നിലവിൽ വന്നതോടെ എല്ലാ പരാതികൾക്കും സ്വമേധയാ റീഫണ്ട് ലഭിക്കുമെന്ന് അർഥമില്ല. ഉൽപ്പന്നത്തിന്റെയോ സേവനത്തിന്റെയോ സ്വഭാവം, കരാർ വ്യവസ്ഥകൾ, പരാതിയുടെ സാഹചര്യം, ലഭ്യമായ തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഓരോ തർക്കത്തിലും തീരുമാനമെടുക്കുക.
പരമ്പരാഗത വ്യാപാര സ്ഥാപനങ്ങൾക്കൊപ്പം ഡിജിറ്റൽ വിപണന-വിൽപ്പന സംവിധാനങ്ങളെയും ഉൾക്കൊള്ളുന്ന യുഎഇയുടെ വിപുലമായ ഉപഭോക്തൃ സംരക്ഷണ ചട്ടക്കൂടിന്റെ ഭാഗമായാണ് പുതിയ ഭേദഗതികൾ നടപ്പാക്കുന്നത്. ഓൺലൈൻ വ്യാപാര രംഗത്ത് ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.
