ഓട്ടവ: കെബെക്ക് പ്രവിശ്യയിലെ വിവാദ മതേതരത്വ നിയമമായ ബിൽ 21-ന്റെ ഭരണഘടനാ സാധുത നിർണയിക്കുന്ന സുപ്രധാന വിധി കനേഡിയൻ സുപ്രീംകോടതി ഇന്ന് പുറപ്പെടുവിക്കും. ഇന്ന് രാവിലെയാണ് വിധി പ്രസ്താവിക്കുക. വിധിക്ക് മുന്നോടിയായി ഓട്ടവയിലെ വെസ്റ്റ് മെമ്മോറിയൽ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന താൽക്കാലിക സുപ്രീംകോടതി ഹാളിൽ പ്രത്യേക നടപടികൾ പുരോഗമിക്കുകയാണ്. 51 കക്ഷികളുടെ നിയമസംഘങ്ങളും ആറ് അറ്റോർണി ജനറൽമാരും മാധ്യമപ്രവർത്തകരും പങ്കെടുക്കുന്ന ലോക്കപ്പ് കോടതിയുടെ ചരിത്രത്തിലെ ഏറ്റവും വലിയതായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
2019ൽ പ്രാബല്യത്തിൽ വന്ന ബിൽ 21 പ്രകാരം അധ്യാപകർ, പ്രിൻസിപ്പൽമാർ, പൊലീസ് ഉദ്യോഗസ്ഥർ, സർക്കാർ അഭിഭാഷകർ തുടങ്ങിയ പൊതുമേഖലാ ജീവനക്കാർ ജോലിസമയത്ത് ഹിജാബ്, സിഖ് തലപ്പാവ്, കുരിശ്, കിർപാൻ, യഹൂദ തൊപ്പി തുടങ്ങിയ മതചിഹ്നങ്ങൾ ധരിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ആരോഗ്യപരമോ ശാരീരികമോ ആയ കാരണങ്ങളില്ലാതെ ചില ഔദ്യോഗിക ചുമതലകൾ നിർവഹിക്കുമ്പോൾ മുഖം മറയ്ക്കുന്നതിനും നിയന്ത്രണമുണ്ട്.
നിയമം പ്രാബല്യത്തിൽ വന്നതോടെ മതചിഹ്നങ്ങൾ ധരിക്കുന്ന നിരവധി ജീവനക്കാർക്ക് തൊഴിൽ തിരഞ്ഞെടുപ്പിൽ നിയന്ത്രണങ്ങൾ നേരിടേണ്ടിവന്നു. ചിലർ ജോലി ഉപേക്ഷിക്കുകയും മറ്റുചിലർ മറ്റ് പ്രവിശ്യകളിലേക്ക് താമസം മാറുകയും ചെയ്തിട്ടുണ്ട്.
ഭരണഘടനയിലെ മൗലികാവകാശങ്ങളെ മറികടക്കാൻ സർക്കാരുകൾക്ക് അധികാരം നൽകുന്ന ‘നോട്ട്വിത്ത്സ്റ്റാൻഡിങ് ക്ലോസ്’ അഥവാ സെക്ഷൻ 33 ഉപയോഗിച്ചാണ് കെബെക്ക് സർക്കാർ നിയമത്തെ നിയമപരമായ വെല്ലുവിളികളിൽ നിന്ന് സംരക്ഷിച്ചത്. അഞ്ച് വർഷത്തേക്കാണ് ഈ വ്യവസ്ഥയുടെ സംരക്ഷണം ലഭിക്കുക. കാലാവധി കഴിഞ്ഞാൽ വീണ്ടും പുതുക്കാനും കഴിയും. കെബെക്ക് മനുഷ്യാവകാശ ചാർട്ടറിലെ സെക്ഷൻ 52ഉം ഇതിനായി ഉപയോഗിച്ചിട്ടുണ്ട്.
2021 ഏപ്രിലിൽ കെബെക്ക് സുപീരിയർ കോടതി നിയമത്തിലെ ഭൂരിഭാഗം വ്യവസ്ഥകളും ശരിവെച്ചെങ്കിലും ചില ഭാഗങ്ങൾ ഭരണഘടനാ അവകാശങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയിരുന്നു. 2024ൽ അപ്പീൽ കോടതിയും നിയമത്തിന്റെ ഭൂരിഭാഗവും ശരിവെച്ചു. എന്നാൽ ഇംഗ്ലീഷ് ഭാഷാ ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ അവകാശവുമായി ബന്ധപ്പെട്ട വിഷയത്തിൽ കീഴ്ക്കോടതിയുടെ കണ്ടെത്തൽ റദ്ദാക്കി.

2026 മാർച്ചിൽ ഏഴ് ജഡ്ജിമാരടങ്ങിയ സുപ്രീംകോടതി ബെഞ്ച് നാല് ദിവസങ്ങളിലായി കേസിൽ വിശദമായ വാദം കേട്ടിരുന്നു. ബിൽ 21 ഭരണഘടനാപരമായി നിലനിൽക്കുമോ, നോട്ട്വിത്ത്സ്റ്റാൻഡിങ് ക്ലോസ് മുൻകൂട്ടി പ്രയോഗിച്ചത് നിയമപരമാണോ, ഈ അധികാരത്തിന് ഭരണഘടനാപരമായ പരിധികളുണ്ടോ തുടങ്ങിയ നിർണായക ചോദ്യങ്ങളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ അവകാശങ്ങൾ ഉറപ്പുനൽകുന്ന ഭരണഘടനയിലെ സെക്ഷൻ 28, ഇംഗ്ലീഷ് ഭാഷാ ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കുന്ന സെക്ഷൻ 23 എന്നിവയുമായി നിയമം പൊരുത്തപ്പെടുന്നുണ്ടോ എന്നും കോടതി പരിശോധിക്കും.
ബിൽ 21 പൂർണമായോ ഭാഗികമായോ റദ്ദാക്കുക, നിയമത്തിന്റെ ഭരണഘടനാ സാധുത ശരിവെക്കുക, അല്ലെങ്കിൽ നോട്ട്വിത്ത്സ്റ്റാൻഡിങ് ക്ലോസിന്റെ ഉപയോഗത്തിന് കൂടുതൽ വ്യക്തമായ നിയന്ത്രണങ്ങൾ നിർദേശിക്കുക തുടങ്ങിയ സാധ്യതകളാണ് മുന്നിലുള്ളത്.
കോടതിയുടെ തീരുമാനം കെബെക്കിലെ മതേതരത്വ നയത്തെ മാത്രമല്ല, കാനഡയിലെ മറ്റ് പ്രവിശ്യകൾ ഭരണഘടനയിലെ നോട്ട്വിത്ത്സ്റ്റാൻഡിങ് ക്ലോസ് ഉപയോഗിക്കുന്ന രീതിയെയും സ്വാധീനിച്ചേക്കും. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ ഭരണഘടനാ ചരിത്രത്തിലും ന്യൂനപക്ഷ അവകാശങ്ങളുടെ സംരക്ഷണത്തിലും നിർണായകമായ വിധിയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
