Saturday, November 28, 2026

തിരുപ്പരന്‍കുണ്‍ട്രത്തെ കല്‍ത്തൂണില്‍ ദീപം തെളിയിച്ചു; സുപ്രീംകോടതി ഉത്തരവ് നടപ്പാക്കി

ചെന്നൈ: തമിഴ്‌നാട്ടിലെ മധുര തിരുപ്പരന്‍കുണ്‍ട്രത്തെ മലമുകളിൽ ദർഗയ്ക്ക് സമീപമുള്ള തർക്കവിഷയമായ കൽത്തൂണിൽ ദീപം തെളിയിച്ചു. സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് കോടതി നിയോഗിച്ച റിസീവർമാരുടെ മേൽനോട്ടത്തിൽ വൈകിട്ട് അഞ്ചോടെയാണ് ദീപം തെളിയിച്ചത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പ്രദേശത്ത് ഏർപ്പെടുത്തിയിരുന്നത്.

സിആർപിഎഫിന്റെ നേതൃത്വത്തിലായിരുന്നു സുരക്ഷാ ചുമതല. പൊതുജനങ്ങൾക്ക് മലമുകളിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. 50 പേരടങ്ങുന്ന സംഘമാണ് മലമുകളിലെത്തി ദീപം തെളിയിച്ചത്.

തർക്കത്തിലുള്ള കൽത്തൂണിൽ നവംബർ 24ന് ദീപം തെളിയിക്കാൻ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ അന്ന് കൽത്തൂണിൽ ദീപം തെളിയിക്കാതെ പതിവ് ആചാരസ്ഥലമായ ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപത്തെ ദീപമണ്ഡപത്തിലാണ് ചടങ്ങ് നടത്തിയത്. കോടതി ഉത്തരവ് പാലിക്കാത്തതിൽ തമിഴ്‌നാട് സർക്കാരിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്നാണ് ദീപം തെളിയിക്കാൻ വീണ്ടും നിർദേശം നൽകിയത്.

തിരുപ്പരന്‍കുണ്‍ട്രം മലയിൽ സിക്കന്ദർ ബാദുഷ ദർഗയ്ക്ക് സമീപമുള്ള കൽത്തൂണിൽ ദീപം തെളിയിക്കാൻ അനുമതി തേടി ഹിന്ദു സംഘടനകൾ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. ദർഗയിൽനിന്ന് ഏകദേശം 50 മീറ്റർ അകലെയുള്ള കൽത്തൂണിലാണ് ദീപം തെളിയിക്കാൻ അനുമതി ആവശ്യപ്പെട്ടത്. എന്നാൽ ഇത്തരമൊരു ആചാരം നിലവിലില്ലെന്നും പരമ്പരാഗതമായി മറ്റൊരു സ്ഥലത്താണ് ദീപം തെളിയിക്കുന്നതെന്നുമായിരുന്നു ക്ഷേത്ര ഭരണസമിതിയുടെ വാദം.

2025 നവംബറിൽ ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അന്നത്തെ ഡിഎംകെ സർക്കാർ ദീപം തെളിയിക്കാൻ അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ രാമ രവികുമാർ നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി ദീപം തെളിയിക്കാൻ അനുമതി നൽകിയത്. ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. തുടർന്ന് നവംബർ 24ന് ഒരു ദിവസം മാത്രം ദീപം തെളിയിക്കാൻ സുപ്രീംകോടതി അനുമതി നൽകി.

എന്നാൽ ഉത്തരവ് നടപ്പാക്കാൻ കഴിയാത്തതിനെക്കുറിച്ച് മധുര ജില്ലാ കലക്ടർ നിഷാന്ത് കൃഷ്ണ സുപ്രീംകോടതിയിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ക്ഷേത്ര ട്രസ്റ്റി ബോർഡ് അനുമതി നൽകാത്തതാണ് നവംബർ 24ന് ദീപം തെളിയിക്കാൻ കഴിയാതിരുന്നതെന്നായിരുന്നു റിപ്പോർട്ടിലെ വിശദീകരണം. ഉത്തരവ് നടപ്പാക്കാൻ കഴിയാതിരുന്നതിൽ കലക്ടർ നിരുപാധികം മാപ്പ് പറയുകയും ചെയ്തു.

എന്നാൽ പ്രഥമദൃഷ്ട്യാ സുപ്രീംകോടതി ഉത്തരവിന്റെ ലംഘനം നടന്നതായി കോടതി നിരീക്ഷിച്ചു. തുടർന്നാണ് ദീപം തെളിയിക്കുന്നതിനുള്ള നടപടികൾക്ക് കോടതി മേൽനോട്ടം ഏർപ്പെടുത്തിയത്. സുരക്ഷാ ചുമതല തമിഴ്‌നാട് പൊലീസിൽ നിന്ന് മാറ്റി സിആർപിഎഫിനെ ഏൽപ്പിക്കുകയും ചെയ്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!