അഖില സുരേഷ്
നീണ്ട ഒമ്പത് വർഷങ്ങൾക്ക് ശേഷം ആരാധകർക്ക് ആഘോഷമാക്കാൻ അജിത്ത് – വിജയ് ചിത്രങ്ങൾ ഒരേ ദിവസം തിയേറ്ററുകളിൽ. വിജയ് നായകനാവുന്ന ‘വാരിശ്’ പൊങ്കല്‍ റിലീസ് ആയിരിക്കുമെന്ന് ദീപാവലി സമയത്ത് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നതാണ്.
നടൻ അജിത്തിന്റെ ‘തുനിവും’ അടുത്ത പൊങ്കലിന് തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ ഇപ്പോൾ അറിയിക്കുന്നത്.തുനിവിന്‍റെ നിര്‍മ്മാതാവ് ബോണി കപൂര്‍ കഴിഞ്ഞ ദിവസമാണ് പൊങ്കൽ റിലീസ് ആയി ചിത്രം എത്തുമെന്ന് അറിയിച്ചത്.
ഒപ്പം ചിത്രത്തിന്‍റെ തമിഴ്നാട് വിതരണാവകാശം ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസ് സ്വന്തമാക്കിയ വിവരവും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതോടെയാണ് ഒരു ബോക്സ് ഓഫീസ് യുദ്ധം ഉറപ്പായത്. തമിഴ് സിനിമാ പ്രേക്ഷകർക്കിടയിൽ ഏറ്റവും അധികം ഫാന്‍ ഫൈറ്റ് ഉണ്ടാകുന്നത് അജിത്ത് – വിജയ് ആരാധകര്‍ തമ്മിലാണ്. ഇവരുടെ ചിത്രങ്ങള്‍ ഒരേ ദിവസം തിയറ്ററുകളിലെത്തുക എന്നത് അതിനാല്‍ത്തന്നെ വലിയ ആവേശമാകും ആരാധകരില്‍ സൃഷ്ടിക്കുക.
‘നേര്‍ക്കൊണ്ട പാര്‍വൈ’, ‘വലിമൈ’ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘തുനിവ്’. മഞ്ജു വാര്യരാണ് ചിത്രത്തിൽ നായിക. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. 2014ല്‍ ആണ് ഇതിനുമുന്‍പ് വിജയ്, അജിത്ത് ചിത്രങ്ങള്‍ ഒരേ സമയം തിയറ്ററുകളില്‍ എത്തിയത്. ‘ജില്ല’യും ‘വീരവു’മായിരുന്നു അവ.
വംശി പൈഡിപ്പള്ളി ആണ് വാരിശ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ വിജയ് ആപ്പ് ഡിസൈനറായിട്ടാണ് എത്തുന്നത് എന്നും വിജയ് രാജേന്ദ്രൻ എന്നായിരിക്കും താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരെന്നും റിപ്പോർട്ടുകളുണ്ട്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നായിരിക്കും ചിത്രത്തിന്റെ നിർമ്മാണം. സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സുര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ‘വാരിസ്’.
