ടൊറന്റോ പോലീസ് സേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ മയക്കുമരുന്ന് വേട്ടയിൽ 600 കിലോഗ്രാമിലധികം മയക്കുമരുന്ന് പിടിച്ചെടുത്തതായി ടൊറന്റോ പോലീസ് സർവീസ് സൂപ്രണ്ട് മന്ദീപ് മാൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ അഞ്ചിന് സംശയാസ്പദമായ രണ്ട് സ്റ്റാഷ് ഹൗസിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് മയക്കുമരുന്ന് പിടികൂടിയത്.
ഏകദേശം 58 മില്യൺ ഡോളർ വിലവരുന്ന 520 കിലോഗ്രാം ക്രിസ്റ്റൽ മെത്താംഫെറ്റാമൈനും 151 കിലോഗ്രാം കൊക്കെയ്നുമാണ് പിടിച്ചെടുത്തതെന്ന് മന്ദീപ് മാൻ പറഞ്ഞു. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും മാൻ പറഞ്ഞു.
ടൊറന്റോ ഡ്രഗ് സ്ക്വാഡിന്റെയും ഏഷ്യൻ ഓർഗനൈസ്ഡ് ക്രൈം ടാസ്ക് ഫോഴ്സിന്റെയും സഹകരണത്തോടെയാണ് മയക്കുമരുന്ന് വേട്ട നടത്തിയതെന്നും അദ്ദേഹം അറിയിച്ചു. മൂന്ന് പ്രതികൾക്കായി പോലീസ് ലീഗൽ കൗൺസിലുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്താൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നാലാഴ്ച നീണ്ട അന്വേഷണത്തിനൊടുവിൽ നടന്ന പിടിച്ചെടുക്കൽ ടൊറന്റോ പോലീസ് ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ മയക്കുമരുന്ന് വേട്ടയാണെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിലിൽ പിടിച്ചെടുത്തിയ 28 മില്യൺ ഡോളർ വിലയുള്ള 286 കിലോഗ്രാം കൊക്കെയ്ൻ, ക്രിസ്റ്റൽ മെത്താംഫെറ്റാമൈൻ എന്നിവയുടെ മുൻകാല റെക്കോർഡിനെ ഇത് മറികടക്കുന്നതായും മന്ദീപ് മാൻ അറിയിച്ചു.
പ്രാദേശികമായി വിതരണം ചെയ്യാനായി യുഎസ് അതിർത്തിയിൽ നിന്നാണ് മയക്കുമരുന്ന് ഇറക്കുമതി ചെയ്തതെന്നും പോലീസ് വ്യക്തമാക്കി.
