തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലനിക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സുഖിപ്പിക്കുന്ന വർത്തമാനം പറയുന്ന അവസരവാദികളുടേത് പൊതുവികാരമല്ല. ബിജെപിയുടെ അജണ്ട നടപ്പാക്കാൻ കഴിയുന്ന സംസ്ഥാനമല്ല കേരളം. പ്രീണിപ്പിച്ചും, ഭീഷണിപ്പെടുത്തിയും കേരളത്തിൽ വോട്ട് പിടിക്കാമെന്ന് ബിജെപി കരുതേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.
തലശ്ശേരി മാർ ജോസഫ് പാംപ്ലാനിയുടെ ബിജെപി അനുകൂല പ്രസ്താവനയെ പരോക്ഷമായി കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മതന്യൂനപക്ഷ വിഭാഗങ്ങളിലെ ചില പ്രധാനികളെ സംഘപരിവാർ സമീപിക്കുന്നുണ്ട്. പ്രീണിപ്പിച്ചും ഭീഷണിപ്പെടുത്തിയും വോട്ട് നേടാനാണ് ശ്രമം. പക്ഷെ വലിയ സ്വീകാര്യത അതിന് കിട്ടുന്നില്ല. ഏത് തെറ്റായ നീക്കത്തിനും ചിലരെ വീഴ്ത്താൻ പറ്റും. എന്നാലത് പൊതുവികാരമല്ല. ബിജെപി അജണ്ട കേരളത്തിൽ നടപ്പാക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, പണം വാങ്ങി വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തെന്ന് ആരോപിച്ച് മലയാളവേദി കൺവീനർ ജോർജ് വട്ടുകുളം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെയുള്ള കെ.ടി ജലീലിൽ MLAയുടെ ഫേസ്ബുക്ക് പോസ്റ്റിനെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി. പരാമർശം തള്ളാനും കൊള്ളാനുമില്ലെന്ന് വെള്ളാപ്പള്ളി നടേശനും പ്രതികരിച്ചു.
