മണിപ്പുരിലെ കലാപബാധിത ജില്ലകളിലൊന്നായ ഫെർസ്വാളിന്റെ കലക്ടറായി മലയാളിയായ ആശിഷ് ദാസിനെ നിയമിച്ചു. 2020 ബാച്ച് മണിപ്പുർ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഇന്ത്യാ-മ്യാൻമർ അതിർത്തി ജില്ലയായ തെഗ്നോപാലിന്റെ എസ്ഡിഎം ആയിരുന്നു നേരത്തെ ആശിഷ് ദാസ്. ഇന്ത്യാ-മ്യാൻമർ അതിർത്തിപ്പട്ടണമായ മോറെയിൽ കലാപം അവസാനിപ്പിക്കുന്നതിനും ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നേതൃത്വം നൽകിയത് അദ്ദേഹമായിരുന്നു. കലാപത്തിന്റെ ആദ്യ ദിവസങ്ങളിൽ ആയിരക്കണക്കിന് മെയ്തെയ്കൾക്ക് സുരക്ഷിതമായി ഇംഫാലിലേക്ക് വഴിയൊരുക്കിയത് എസ്ഡിഎം ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു.

കുക്കി, ഹമാർ , പൈതൈ, വാഫൈ ഗോത്രങ്ങൾക്ക് ഭൂരിപക്ഷമുള്ള ഫെർസ്വാൾ ജില്ലയുടെ കലക്ടറേറ്റ് ഉൾപ്പെടെയുള്ളവ മണിപ്പുർ കലാപത്തിന്റെ പ്രഭവകേന്ദ്രമായ ചുരാചന്ദ്പുരിലാണ്. കലാപത്തിന്റെ ഇരകളായ അനവധിപേരാണ് ജില്ലയിലുള്ളത്. സിവിൽ സർവീസ് ലഭിക്കും മുൻപ് ഫയർ ഫോഴ്സിലായിരുന്ന ആശിഷ് ദാസ്.
