റിയാദ്: തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ വധശിക്ഷക്ക് വിധിച്ച 81 പേരുടെ ശിക്ഷ നടപ്പാക്കി സൗദി അറേബ്യ. കഴിഞ്ഞ വര്‍ഷം സൗദിയില്‍ നടപ്പാക്കിയ വധശിക്ഷയേക്കാള്‍ കൂടുതല്‍ പേരുടെ ശിക്ഷയാണ് ഒറ്റദിവസം നടപ്പാക്കിയത്. ഭീകരസംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റ്, അല്‍-ഖ്വയ്ദ, യെമനിലെ ഹൂതി വിമതര്‍ ഭീകരവാദികളും വധശിക്ഷക്ക് വിധേക്കപ്പെട്ടവരിലുണ്ടെന്ന് സൗദി പ്രസ് ഏജന്‍സി (എസ് പി എ) അറിയിച്ചു. എല്ലാവര്‍ക്കുമെതിരെയുള്ള കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടെന്ന് അധികൃതര്‍ അറിയിച്ചു.
രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി അധികൃതര്‍ പറഞ്ഞു. കുറ്റവാളികള്‍ സുരക്ഷാ സേനയിലെ അംഗങ്ങളെ കൊലപ്പെടുത്തിയെന്നും രാജ്യത്തേക്ക് ആയുധങ്ങള്‍ കടത്തിയെന്നും എസ് പി എ കൂട്ടിച്ചേര്‍ത്തു. 81 പേരില്‍ 73 പേര്‍ സൗദി പൗരന്മാരും ഏഴ് പേര്‍ യെമനികളും ഒരാള്‍ സിറിയന്‍ പൗരനുമാണ്.
വധശിക്ഷക്ക് വിധേയരായവരെയെല്ലാം കോടതികളില്‍ വിചാരണ ചെയ്തു. വിവിധ ഘട്ടങ്ങളിലായി 13 ജഡ്ജിമാരുടെ മേല്‍നോട്ടത്തിലാണ് വിചാരണ നടന്നതെന്നും എസ് പി എ പറഞ്ഞു. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വധശിക്ഷാ നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് സൗദ്യ അറേബ്യ. ഇത്രയും പേരെ ഒരുമിച്ച് വധശിക്ഷ നടപ്പാക്കുന്നതും ആദ്യമാണ്.