കീവ് : പടിഞ്ഞാറൻ യുക്രൈനിലെ സൈനിക താവളത്തിന് നേരെയുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ, യുക്രൈന് മുകളിൽ വ്യോമനിരോധന മേഖലയാക്കണം എന്ന് നാറ്റോയോട് അഭ്യർത്ഥിച്ച് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. വീഡിയോ പ്രസ്താവനയിലൂടെ സെലൻസ്കി നാറ്റോയോട് ആവശ്യപ്പെട്ടതായി വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. “നിങ്ങൾ ഞങ്ങളുടെ ആകാശം അടച്ചില്ലെങ്കിൽ, റഷ്യൻ റോക്കറ്റുകൾ നിങ്ങളുടെ പ്രദേശത്ത്, നാറ്റോ പ്രദേശത്ത് പതിക്കുന്നതിന് വലിയ സമയമെടുക്കില്ല,” അദ്ദേഹം പറഞ്ഞു.
അതേസമയം യുദ്ധം അവസാനിപ്പിക്കുന്നതിനായി യുക്രൈനും റഷ്യയും തമ്മിലുള്ള ചർച്ചകൾ തിങ്കളാഴ്ചയും തുടരും. റഷ്യയുമായി വീഡിയോ കോൺഫറൻസിങ്ങിലൂടെ ചർച്ച നടത്തുമെന്ന് യുക്രൈൻ പ്രസിഡൻഷ്യൽ ഉപദേഷ്ടാവ് മൈഖൈലോ പൊഡോലിയാക് സ്ഥിരീകരിച്ചു.
യുദ്ധം രൂക്ഷമായതോടെ യുക്രൈനിലെ ഇന്ത്യൻ എംബസി താത്കാലികമായി പോളണ്ടിലേക്ക് മാറ്റാൻ ഇന്ത്യ തീരുമാനിച്ചു. ഫെബ്രുവരി 24 ന് യുദ്ധം ആരംഭിച്ചതിന് ശേഷം, ഭൂരിഭാഗം ഇന്ത്യൻ നയതന്ത്രജ്ഞരും യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്ന് യുക്രൈൻ-പോളണ്ട് അതിർത്തിയിൽ നിന്ന് അൽപ്പം അകലെയുള്ള ലിവിവിലേക്ക് മാറിയിരുന്നു.