കൊച്ചി : അഞ്ചേരി ബേബി വധക്കേസിൽ സി പി ഐ (എം) നേതാവും എംഎല്‍എയുമായ എം. എം. മണിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. മണിക്ക് പുറമെ ഇടുക്കിയിൽ നിന്നുള്ള സി പി ഐ (എം) നേതാക്കളായ ഒ. ജി. മദനൻ, പാമ്പുപാറ കുട്ടൻ എന്നിവരെയും കോടതി കേസിൽ നിന്ന് ഒഴിവാക്കി.
എം. എം. മണി മണക്കാട് നടത്തിയ ‘വൺ ടു ത്രീ “പ്രസംഗത്തെ തുടർന്ന് പുതിയ തെളിവിൻ്റെ അടിസ്ഥാനത്തിൽ യുഡിഎഫ് സർക്കാരിൻ്റെ കാലത്താണ് കേസെടുത്തത്. വിടുതൽ ഹർജി തൊടുപുഴ സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.
1982 നവംബർ 13-നാണ് തൊടുപുഴ യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റായിരുന്ന അഞ്ചേരി ബേബിയെ വെടിവച്ചു കൊന്നത്. കേസിലെ ഒന്നാം സാക്ഷി ചിറ്റടി ജോണി, മുന്നാം പ്രതി പി. എൻ. മോഹൻദാസ് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മണിയെ പ്രതിയാക്കിയത്.
കേസിലെ പ്രതികളെ വിചാരണക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. വിചാരണ പൂർത്തിയായ കേസിൽ പുതിയ തെളിവിൻ്റെ അടിസ്ഥാനത്തിൽ കോടതിയുടെ അനുമതി തേടിയാണ് അന്വേഷണം നടത്തിയത്. അഞ്ചേരി ബേബിക്ക് പുറമെ മുള്ളൻചിറ മത്തായി, മുട്ടുകാട് നാണപ്പൻ എന്നിവരുടെ മരണവും പ്രത്യേക സംഘം അന്വേഷണ വിധേയമാക്കിയിരുന്നു.