പ്രിൻസ് എഡ്വേർഡ് ദ്വീപ് : പ്രിൻസ് എഡ്വേർഡ് ദ്വീപിലെ വയലുകളിൽ പൊട്ടറ്റോയിൽ അപാകത കണ്ടെത്തിയതിനെത്തുടർന്ന് കയറ്റുമതി നിർത്തിവച്ചതിന് മാസങ്ങൾക്ക് ശേഷം, കർഷകർക്ക് അമേരിക്കയിലേക്ക് പൊട്ടറ്റോ കയറ്റുമതി ഉടൻ പുനരാരംഭിക്കാൻ കഴിയുമെന്നു കാനഡ.
ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ ഇന്ന് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ടേബിൾ-സ്റ്റോക്ക് പൊട്ടറ്റോ ചില വ്യവസ്ഥകൾക്ക് വിധേയമായി കയറ്റുമതി പുനരാരംഭിക്കാനാകും, USDA അറിയിച്ചു. യുഎസിലേക്ക് കയറ്റി അയക്കുന്ന പൊട്ടറ്റോയിൽ വാർട്സ് (warts) ബാധിച്ചതായി കണ്ടെത്തിയിരുന്നു. രോഗം ബാധിച്ച പൊട്ടറ്റോയുടെയും മണ്ണിന്റെയും ഉപകരണങ്ങളുടെയും ചലനത്തിലൂടെ പടരുന്ന ഒരു ഫംഗസാണ് പൊട്ടറ്റോ വാർട്സ് (warts). ഇത് മനുഷ്യന്റെ ആരോഗ്യത്തിന് ഒരു ഭീഷണിയല്ലെങ്കിലും, പൊട്ടറ്റോയിൽ രൂപഭേദം വരുത്തുകയും വിളവ് കുറയ്ക്കുകയും ചെയ്യും.
കഴിഞ്ഞ നവംബറിൽ യു.എസ്. നിരോധനം ഒഴിവാക്കുന്നതിന് കാനഡ പ്രിൻസ് എഡ്വേർഡ് ദ്വീപിൽ നിന്നുള്ള പൊട്ടറ്റോ കയറ്റുമതി നിർത്തിയിരുന്നു. പ്യൂർട്ടോറിക്കോയിലേക്കുള്ള കയറ്റുമതി കഴിഞ്ഞ മാസം പുനരാരംഭിച്ചു.
പ്രിൻസ് എഡ്വേർഡ് ദ്വീപിൽ നിന്നും പ്യൂർട്ടോ റിക്കോയിലേക്കുള്ള കയറ്റുമതി പുനരാരംഭിക്കുന്നതിന് മുമ്പ് പൊട്ടറ്റോ വ്യവസായത്തിന് 25 മില്യൺ ഡോളറിലധികം നഷ്ടമുണ്ടായതായി പൊട്ടറ്റോ ബോർഡ് പറഞ്ഞു.