മിസിസാഗ : വ്യാഴാഴ്ച പുലർച്ചെ മിസിസാഗയിലെ ലേക്ക് ഒന്റാറിയോയിലേക്ക് മറിഞ്ഞ കാറിൽ നിന്നും ഒരാളെ കാണാതായി എന്ന് പീൽ പോലീസ് പറഞ്ഞു.
പുലർച്ചെ മൂന്ന് മണിയോടെ ലേക്‌ഫ്രണ്ട് പ്രൊമെനേഡിനും ലേക്ഷോർ റോഡ് ഈസ്റ്റിനും സമീപം തടാകത്തിൽ ഒരു വാഹനം മറിഞ്ഞതായി ഉദ്യോഗസ്ഥർക്ക് ഒരു കോൾ ലഭിച്ചു.
“ഇന്ന് രാവിലെ ഞങ്ങളുടെ ഡൈവ് ടീമും മറൈൻ യൂണിറ്റും സംഭവസ്ഥലത്ത് എത്തി. ലേക്കിൽ മുങ്ങിയ വാഹനം കണ്ടെത്തി” എന്ന് കോൺസ്റ്റബിൾ അഖിൽ മൂക്കൻ വ്യാഴാഴ്ച രാവിലെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വെള്ളത്തിനടിയിൽ ദൃശ്യപരത കുറവായതിനാൽ, സെഡാൻ കാറിനുള്ളിൽ ആരെങ്കിലുമുണ്ടോ എന്ന് നിർണ്ണയിക്കാൻ ജീവനക്കാർക്ക് കഴിഞ്ഞില്ലെന്നും വാഹനം വെള്ളത്തിൽ നിന്ന് നീക്കം ചെയ്യാൻ ഒരു ടൗ കമ്പനിയെ വിളിച്ചതായും അദ്ദേഹം പറഞ്ഞു.
സംഭവത്തെത്തുടർന്ന് വാഹനത്തിലുണ്ടായിരുന്ന ഒരാൾ രക്ഷപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തുവെങ്കിലും രണ്ടാമത്തെ യാത്രക്കാരൻ എവിടെയാണെന്ന് കണ്ടെത്താനായില്ലെന്ന് പോലീസ് പറയുന്നു.
” കാണാതായ ആളെ ഇത് വരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് ” അഖിൽ പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസിനെ അറിയിച്ചത് വാഹനത്തിൽ നിന്ന് രക്ഷപ്പെട്ടയാളാണോയെന്ന് അദ്ദേഹം പറഞ്ഞില്ല.
രക്ഷപ്പെട്ട ആൾ അന്വേഷണ ഉദ്യോഗസ്ഥരുമായി സംസാരിച്ചിട്ടുണ്ടെന്നും അഖിൽ കൂട്ടിച്ചേർത്തു. കാണാതായ ആളുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
“തീർച്ചയായും കാണാത ആളുടെ കാര്യത്തിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്,” “നമുക്ക് പുറമെ നല്ല താപനിലയുണ്ടെങ്കിലും, വെള്ളം വളരെ തണുത്തതാണ്.” അഖിൽ മൂക്കൻ പറഞ്ഞു.
കാർ എങ്ങനെയാണ് വെള്ളത്തിലായതെന്ന് വ്യക്തമല്ല. എന്നാൽ പ്രദേശത്തെ ഒരു ബോട്ട് ലോഞ്ച് വഴി അത് ലേക്കിലേക്ക് മറിഞ്ഞതാകാമെന്നു മൂക്കൻ പറഞ്ഞു.
പോലീസ് എത്തുമ്പോഴേക്കും വാഹനം പൂർണമായും വെള്ളത്തിനടിയിലായിരുന്നു. വെള്ളത്തിനടിയിലായിരിക്കുമ്പോൾ തനിക്ക് മുന്നിൽ ആറ് ഇഞ്ച് മാത്രമേ കാണാനാകൂവെന്ന് സ്ഥലത്തുണ്ടായിരുന്ന ഡൈവർ പറഞ്ഞു. സംഭവത്തെ ഇപ്പോൾ സംശയാസ്പദമായാണ് കണക്കാക്കുന്നതെന്ന് അഖിൽ പറഞ്ഞു.