മിസിസ്സാഗ: ടൊറോന്റോ സോഷ്യല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അഞ്ചാമത് ഇന്റര്‍നാഷണല്‍ ടഗ് ഓഫ് വാര്‍ (വടംവലി) ചാമ്പ്യന്‍ഷിപ്പ് നാളെ മിസിസ്സാഗയില്‍ അരങ്ങേറും. കാനഡയിലെ കായികപ്രേമികള്‍ക്കും മലയാളി സമൂഹത്തിനും ആവേശം പകരുന്ന ഈ വമ്പന്‍ കായികമാമാങ്കം രാജ്യാന്തര തലത്തില്‍ ശ്രദ്ധ നേടുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. കരുത്തും കൂട്ടായ്മയും നിശ്ചയദാര്‍ഢ്യവും ഒരുമിച്ച് പ്രകടമാകുന്ന ഈ മത്സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ശക്തരായ ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
മിസിസ്സാഗയിലെ ‘മിസിസ്സാഗ യൂസ്ഡ് കാര്‍ സൂപ്പര്‍സ്റ്റോര്‍’ (225 Dundas Street East, Mississauga) പ്രത്യേകമായി ഒരുക്കുന്ന വേദിയിലാണ് മത്സരങ്ങള്‍ നടക്കുക. കായികരംഗത്തെ ആവേശവും സമൂഹത്തിന്റെ ഐക്യവും ഒരുമിച്ച് ആഘോഷിക്കുന്ന ഈ അന്താരാഷ്ട്ര വടംവലി മേളയ്ക്ക് സാക്ഷ്യം വഹിക്കാന്‍ വലിയ ജനപങ്കാളിത്തമാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. വടംവലി കായികരംഗത്തെ മികച്ച ടീമുകളെ ഒരേ വേദിയില്‍ അണിനിരത്തുന്ന ഈ ടൂര്‍ണമെന്റ് വെറുമൊരു മത്സരമെന്നതിലുപരി സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും വലിയൊരു ആഘോഷമായി മാറും.

ആവേശകരമായ പോരാട്ടത്തില്‍ വിജയികളാകുന്ന ടീമുകള്‍ക്കായി ആകര്‍ഷകമായ സമ്മാനത്തുകയാണ് ടൊറോന്റോ സോഷ്യല്‍ ക്ലബ്ബ് പ്രഖ്യാപിച്ചിട്ടുള്ളത്. ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 4,444 ഡോളറും രണ്ടാം സ്ഥാനക്കാര്‍ക്ക് 2,222 ഡോളറും ലഭിക്കും. മൂന്ന്, നാല് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകള്‍ക്ക് യഥാക്രമം 1,111 ഡോളര്‍, 555 ഡോളര്‍ എന്നിങ്ങനെയാണ് സമ്മാനത്തുക നിശ്ചയിച്ചിരിക്കുന്നത്.
