ബീജിങ്: കൊറോണ കേസുകളില്‍ വന്‍ വര്‍ധന ഉണ്ടായതിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ചൈന.രണ്ട് കോടി അറുപത് ലക്ഷത്തോളമാണ് നഗരത്തിലെ ജനസംഖ്യ. തിങ്കളാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്കാണ് നഗരത്തില്‍ നിലവില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ തുടരണമെന്നും, പുറത്ത് ഇറങ്ങരുതെന്നുമുള്ള കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.ഈ പ്രദേശങ്ങളിലെ റൈഡ്-ഹെയ്‌ലിംഗ് സേവനങ്ങൾ ഉൾപ്പെടെയുള്ള പൊതുഗതാഗതങ്ങൾ ലോക്ക് ഡൗൺ ചെയ്യുമ്പോൾ താൽക്കാലികമായി നിർത്തി വയ്ക്കും. അംഗീകാരമില്ലാത്ത വാഹനങ്ങൾ റോഡുകളിൽ അനുവദിക്കില്ല, എന്ന് ഷാങ്ഹായ് സർക്കാർ അറിയിച്ചു.
ഓഫീസുകള്‍, കടകമ്പോളങ്ങൾ എന്നിവ അടച്ചിടും. പൊതുഗതാഗതസംവിധാനങ്ങള്‍ നിര്‍ത്തലാക്കും. കൊറോണ കേസുകള്‍ ഉയര്‍ന്നു തുടങ്ങിയപ്പോള്‍ തന്നെ ഷാങ്ഹായിലെ ഏറെ പ്രശസ്തമായ ഡിസ്‌നി തീം പാര്‍ക്ക് നേരത്തെ തന്നെ അടച്ചു പൂട്ടിയിരുന്നു. പ്രദേശത്തെ ജനങ്ങള്‍ക്ക് കര്‍ശന കൊറോണ പരിശോധനയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ മാത്രം ഇതുവരെ 56,000ത്തിലധികം കൊറോണ കേസുകള്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷമാണ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധന ഉണ്ടായിരിക്കുന്നത്.
അതേസമയം, ചൈനയിലെ വാക്‌സിനേഷന്‍ നിരക്ക് 87 ശതമാനമാണെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പ്രായമായവരില്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം കുറവാണ്. ഈ മാസം ആദ്യം പുറത്ത് വന്ന ദേശീയ കണക്കുകള്‍ പ്രകാരം 60 വയസ്സിന് മുകളില്‍ പ്രായമുള്ള അഞ്ച് കോടിയിലധികം ആളുകള്‍ ഇനിയും ഏതെങ്കിലും കാരണങ്ങളാല്‍ വാക്‌സിന്‍ എടുക്കാനുണ്ടെന്നാണ് പറയുന്നത്. ബൂസ്റ്റര്‍ ഡോസ് വിതരണവും രാജ്യത്ത് കാര്യക്ഷമമല്ലെന്നാണ് റിപ്പോര്‍ട്ട്.