ലാഹോർ: പാകിസ്ഥാനിലെ പ്രശ്നങ്ങൾക്കു കാരണം അമേരിക്കയാണെന്നും തന്റെ സർക്കാരിനെ അട്ടിമറിക്കാനുള്ള പ്രതിപക്ഷ നീക്കങ്ങൾക്കു പിന്നിൽ അമേരിക്കയാണെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. താൻ അധികാരത്തിൽ തുടർന്നാൽ പാകിസ്ഥാന് വൻ അപകടമാണെന്നും മറിച്ച് തന്റെ സർക്കാർ താഴെ വീണാൽ പാകിസ്ഥാന് മാപ്പ് നൽകുമെന്നും അമേരിക്ക പ്രതിപക്ഷ പാർട്ടികളെ തെറ്റദ്ധരിപ്പിച്ചിരിക്കുകയാണെന്ന് ഇമ്രാൻ ഖാൻ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ ആരോപിച്ചു. തന്റെ സർക്കാരിന്റെ നയങ്ങൾ ഇന്ത്യാ വിരുദ്ധമോ പാകിസ്ഥാൻ വിരുദ്ധമോ അല്ലെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു. പാകിസ്ഥാന്റെ മുൻ പ്രധാനമന്ത്രിമാരായ നവാസ് ഷെരീഫും പർവേസ് മുഷറഫും ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേപ്പാളിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നെന്നും ഇമ്രാൻ ആരോപിച്ചു. കാശ്മീരിനുള്ള പ്രത്യേക പദവി എടുത്തു മാറ്റിയപ്പോൾ താൻ ശബ്ദമുയർത്തിയിരുന്നെങ്കിലും താൻ ഒരിക്കലും ഇന്ത്യാവിരുദ്ധ നിലപാടുകൾ കൈക്കൊണ്ടിരുന്നില്ലെന്നും ഇമ്രാൻ പറഞ്ഞു.
താൻ ഒരിക്കലും രാജിവയ്ക്കില്ലെന്നും അവസാന പന്ത് വരെ പോരാടുമെന്നും പ്രഖ്യാപിച്ച ഇമ്രാൻ, മുസ്ലീങ്ങൾ ആരുടെയും അടിമകളല്ലെന്നും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രിക്കെതിരായി വിദേശ ശക്തികൾ പ്രവർത്തിക്കുകയാണെന്നും ഇമ്രാൻ ആരോപിച്ചു.ഞായറാഴ്ച തന്നെ അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നടക്കുമെന്നും പാകിസ്ഥാന്രെ ഭാവി നിശ്ചയിക്കപ്പെടുന്ന ദിവസമായിരിക്കും ഏപ്രിൽ മൂന്നെന്നും ഇമ്രാൻ പറഞ്ഞു. രാജ്യത്തെ പ്രതിപക്ഷ പാർട്ടികളെ നിശിതമായി വിമർശിച്ച പ്രധാനമന്ത്രി, വിദേശശക്തികൾക്കു വേണ്ടി രാജ്യത്തെ ഒറ്റുകൊടുക്കുന്നവരാണിവർ എന്ന് ആരോപിച്ചു. പാകിസ്ഥാനിലും പുറം രാജ്യങ്ങളിലുമുള്ള ജയിലുകളിൽ ശിക്ഷ അനുഭവിച്ച പ്രതിപക്ഷ നേതാക്കന്മാരാണ് ഇപ്പോൾ തന്റെ സർക്കാരിനെതിരെ ചാരപ്രവർത്തനം നടത്തുന്നതെന്നും ഇമ്രാൻ ആരോപിച്ചു. അവിശ്വാസപ്രമേയം അതിജീവിക്കാതെ തന്റെ സർക്കാർ താഴെ വീണാൽ ഈ ശക്തികൾ പാകിസ്ഥാന് മാപ്പ് നൽകുമെന്നും എന്നാൽ താൻ വീണ്ടും അധികാരത്തിൽ എത്തിയാൽ പാകിസ്ഥാനെ കാത്തിരിക്കുന്നത് ദുരന്തങ്ങളായിരിക്കുമെന്നും ഇമ്രാൻ പറഞ്ഞു.
കാശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ നീക്കം ചെയ്തപ്പോൾ താൻ ശബ്ദം ഉയർത്തിയെങ്കിലും ഒരുതരത്തിലുമുള്ള ഇന്ത്യ വിരുദ്ധ നിലപാടുകളും താൻ ഇന്നുവരെ കൈക്കൊണ്ടിരുന്നില്ലെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. അമേരിക്കയെ കഠിനമായ ഭാഷയിൽ വിമർശിച്ച ഇമ്രാൻ, ആവശ്യം കഴിഞ്ഞപ്പോൾ അമേരിക്ക പാകിസ്ഥാനെ കൈവിട്ടുകളഞ്ഞെന്ന് ആരോപിച്ചു. മുസ്ലീങ്ങൾ ആരുടെയും അടിമകളല്ലെന്നും ആരുടെ മുന്നിലും തങ്ങൾ തലകുനിക്കില്ലെന്നും ഇമ്രാൻ പറഞ്ഞു.നേരത്തെ അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കാതെ പാകിസ്ഥാന്രെ ദേശീയ അസംബ്ളി ഏപ്രിൽ മൂന്നാം തീയതി വരെ പിരിഞ്ഞിരുന്നു. ഇന്ന് സഭ ചേർന്നയുടനെ പ്രതിപക്ഷം വോട്ടെടുപ്പാവശ്യപ്പെട്ടു ശബ്ദമുയർത്തിയതോടെ ബഹളം കാരണം സഭ പിരിയുന്നതായി ഡെപ്യൂട്ടി സ്പീക്കർ അറിയിക്കുകയായിരുന്നു. ദേശീയ സുരക്ഷാ കൗൺസിലിന്റെ യോഗം ഇതേവേദിയിൽ വച്ച് നടക്കേണ്ടതായുള്ളത് കൊണ്ട് സഭ പിരിയണമെന്ന് ഇമ്രാൻ ഖാന്റെ പ്രതിനിധി സഭയെ അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് സഭ പിരിഞ്ഞത്.
സഭ പിരിയുന്ന അവസരത്തിൽ 173 പേരിൽ കൂടുതൽ പ്രതിപക്ഷ അംഗങ്ങൾ സഭയിൽ ഉണ്ടായിരുന്നു. 342 അംഗ സഭയിൽ 172 പേരുടെ പിന്തുണയുണ്ടെങ്കിൽ അവിശ്വാസപ്രമേയം പാസാകും. അവിശ്വാസപ്രമേയം പാസാക്കാൻ വേണ്ടിയുള്ള അംഗസംഖ്യ പ്രതിപക്ഷനിരയിൽ ഉണ്ടായിരുന്ന സാഹചര്യത്തിലാണ് സഭ പിരിയുന്നതെന്നും ശ്രദ്ധേയമാണ്. പ്രതിപക്ഷ അംഗങ്ങൾ ക്രമരഹിതമായി പെരുമാറുന്നെന്ന കാരണം കാട്ടിയാണ് ഡെപ്യൂട്ടി സ്പീക്കർ ഇന്നത്തേക്ക് സഭ പിരിച്ചുവിട്ടത്.അതേസമയം അവിശ്വാസപ്രമേയ വോട്ടെടുപ്പു നടക്കാനിരിക്കെ ഇമ്രാൻ ഖാന് കനത്ത തിരിച്ചടി നൽകി കൊണ്ട് മുഖ്യ ഘടകകക്ഷിയായ ത്താഹിദ ക്വാമി മൂവ്‌മെന്റ്–പാക്കിസ്ഥാൻ സർക്കാർ വിട്ടു. ഇതോടെ ഇമ്രാന് കേവലഭൂരിപക്ഷം നഷ്ടപ്പെട്ടിരിയ്ക്കുകയാണ്. പ്രതിപക്ഷ സഖ്യത്തിനൊപ്പം ചേരുന്നതായി മറ്റൊരു ഘടകകക്ഷിയായ ബലൂചിസ്ഥാൻ അവാമി പാർട്ടി കൂടി പറഞ്ഞിട്ടുണ്ട്.