ദുബായ് : തുടക്കത്തെക്കാള്‍ ഗംഭീരമായി ദുബായ് എക്‌സ്‌പോയ്ക്ക് സമാപനം. ഉദ്ഘാടനച്ചടങ്ങ് നടന്ന അല്‍ വസല്‍ പ്ലാസയില്‍ നടന്ന വര്‍ണാഭമായ സമാപനച്ചടങ്ങിലേക്ക് ഒഴുകിയെത്തിയത് ജനലക്ഷങ്ങള്‍. വെടിക്കെട്ടും സംഗീത പരിപാടികളും കലാപ്രകടനങ്ങളും നൃത്തച്ചുവടുകളും ആഹ്ലാദ പ്രകടനങ്ങളുമായി 182 ദിവസം നീണ്ട ദുബായ് എക്‌സ്‌പോയ്ക്ക് തിരശ്ശീല വീണു. 190-ലേറെ രാജ്യങ്ങള്‍ പങ്കെടുത്ത ഏറ്റവും വലിയ ആഗോള സാംസ്‌ക്കാരിക പ്രദര്‍ശനത്തിന്റെ ഭാഗമായി ജനലക്ഷങ്ങളാണ് എക്സ്പോയിൽ പങ്കെടുത്തത്.
‘ഇപ്പോള്‍ ഇവിടെ സംഭവിക്കുന്നത് എക്‌സ്‌പോ 2020ന്റെ അവസാനമല്ല; മറിച്ച് പുതുലോകത്തിന്റെ തുടക്കമാണെന്ന് ദുബായ് ഭരണാധികാരി ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ്. ചരിത്രത്തില്‍ തുല്യതയില്ലാത്ത പ്രയാസങ്ങളെയും വെല്ലുവിളികളെയും എങ്ങനെ അതിജീവിക്കാമെന്ന് യുഎഇയുടെ മക്കള്‍ ലോകത്തിന് കാണിച്ചുതന്നിരിക്കുന്നു. ഈ യാത്രയുടെ ഓരോ ഘട്ടത്തിലും യുഎഇ അതിന്റെ മൂല്യങ്ങളും സ്‌നേഹവും ആതിഥ്യവുമാണ് പകര്‍ന്നു നല്‍കയിത്’ അദ്ദേഹം പറഞ്ഞു.
ലോകപ്രശസ്ത സംഗീതജ്ഞരായ ക്രിസ്റ്റിന അഗ്വിലേറ, നോറ ജോണ്‍സ്, യോയോ മാ തുടങ്ങിയ പ്രമുഖര്‍ സമാനപനച്ചടങ്ങിനെ സംഗീതസാന്ദ്രമാക്കി. സമാപനത്തിന്റെ ഭാഗമായി നടന്ന സയന്‍സ് ഷോ, ബലൂണ്‍ മാജിക്ക്, യുഎഇ എയര്‍ഫോഴ്സിന്റെ ഫുര്‍സാന്‍ അല്‍ ഇമാറാത്ത് സൈനികരുടെ നേതൃത്വത്തിൽ ജെറ്റ് വിമാനങ്ങളുടെ അഭ്യാസപ്രകടനങ്ങളും സമാപനച്ചടങ്ങിനു മിഴിവേകി.
സംഗീത സാമ്രാട്ട് ഹറൂത്ത് ഫസ്ലിയന്‍, ഇറ്റാലിയന്‍ പിയാനിസ്റ്റ് എലെനോറ കോണ്‍സ്റ്റാന്റിനി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ലോകപ്രശസ്തരായ 16 സംഗീതജ്ഞര്‍ അണിനിരന്ന എക്‌സ്‌പോ 2020 വേള്‍ഡ് സ്ട്രിംഗ് എന്‍സെംബ്ള്‍ പരിപാടിയും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.
വൈകിട്ട് ഏഴു മണിയോടെ ആരംഭിച്ച ആഷോഘ പരിപാടികള്‍ പുലര്‍ച്ചെ വരെ നീണ്ടു. സമാപന ചടങ്ങുകള്‍ അല്‍ വസല്‍ പ്ലാസയിലെ പ്രധാന വേദിയിലൂടെ നേരിട്ടും എക്‌സ്‌പോയുടെ വിവിധ വേദികളില്‍ ഒരുക്കിയ ഭീമന്‍ സ്‌ക്രീനുകളിലൂടെയും ആളുകള്‍ ആസ്വദിച്ചു.
രണ്ടരക്കോടി ജനങ്ങള്‍ എക്‌സ്‌പോ സന്ദര്‍ശിക്കുമെന്നായിരുന്നു സംഘാടകരുടെ കണക്കുകൂട്ടല്‍. എന്നാല്‍ കോവിഡ് ഭീതി നിലനിന്ന സാഹചര്യമായിരുന്നിട്ടും സന്ദര്‍ശകരുടെ എണ്ണം ലക്ഷ്യത്തിന് അടുത്തെത്തിയതായാണ് പ്രാഥമിക വിലയിരുത്തല്‍. അവസാനത്തെ മൂന്നു ദിവസങ്ങളില്‍ 10 ലക്ഷത്തിലേറെ പേരാണ് സന്ദര്‍ശകരായി എത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നിലനിന്നിരുന്ന ഡിസംബറില്‍ 90 ലക്ഷം പേരായിരുന്നു എക്‌സ്‌പോയില്‍ സന്ദര്‍ശകരായി എത്തിയത്. എന്നാല്‍ നിയന്ത്രണങ്ങള്‍ കുറഞ്ഞതോടെ എക്‌സ്‌പോയിലേക്ക് ആളുകളുടെ കുത്തൊഴുക്കായിരുന്നു. മാര്‍ച്ച് 29ലെ കണക്കുകള്‍ പ്രകാരം 2.3 കോടി പേര്‍ എക്‌സ്‌പോ സന്ദര്‍ശിച്ചു. ഒന്നിലെറെ തവണ സന്ദര്‍ശിച്ചവരുടെ എണ്ണം കണക്കാക്കാതെയാണിത്.
കോവിഡ് മഹാമാരിയുടെ കാലത്ത് സഞ്ചാര സ്വാതന്ത്ര്യമില്ലാതെ ലോകം ചെറുതായി ചുരുങ്ങിപ്പോയിടത്തു നിന്ന് അതിനെ കൂടുതല്‍ വലുതും വിശാലവുമാക്കാന്‍ എക്‌സ്‌പോയ്ക്ക് കഴിഞ്ഞതായി മുഖ്യ എക്‌സ്‌പോ സംഘാടകരായ ബ്യൂറോ ഓഫ് ദി ഇന്റര്‍നാഷനല്‍ എക്‌സ്‌പോയുടെ സെക്രട്ടറി ജനറല്‍ ദിമിത്രി കെര്‍കെന്‍സസ് പറഞ്ഞു.