തിരുവനന്തപുരം: നടൻ ജഗദീഷിൻറെ ഭാര്യയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവിയുമായിരുന്ന ഡോ രമ പി അന്തരിച്ചു. 61 വയസായിരുന്നു. രണ്ട് മക്കളുണ്ട്. ഡോക്ടർ രമ്യയും, ഡോക്ടർ സൗമ്യയും. ഡോ നരേന്ദ്ര നയ്യാർ ഐപിഎസ്, ഡോ പ്രവീൺ പണിക്കർ എന്നിവർ മരുമക്കളാണ്. ഡോ രമയുടെ സംസ്കാരം തൈക്കാട് ശാന്തി കവാടത്തിൽ വൈകിട്ട് നാല് മണിക്ക് നടക്കും.
ദീർഘകാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. പ്രമാദമായ പല കേസുകളിലും നിർണായക കണ്ടെത്തലുകൾ നടത്തി ശ്രദ്ധേയയായിരുന്നു ഡോ രമ.
അതിസങ്കീർണമായ കേസുകളിലും നൂറ് ശതമാനം വ്യക്തത. സൂക്ഷ്മതയുടെ അങ്ങേയറ്റം. അതായിരുന്നു ഡോ. രമ. ഫോറൻസിക് രംഗത്തേക്ക് ഇറങ്ങാൻ സ്ത്രീകൾ മടിച്ചിരുന്ന കാലത്തായിരുന്നു, ഡോ രമയുടെ വരവ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എംബിബിഎസ് പഠന ശേഷം ഫോറൻസികിൽ എംഡി. കോളിളക്കം സൃഷ്ടിച്ച മേരിക്കുട്ടി കേസോടെയാണ് ഡോ രമ ശ്രദ്ധിക്കപ്പെട്ടത്. മേരിക്കുട്ടിയുടേത് കൊലപാതകമെന്ന് തെളിയിച്ചത് ഡോ. രമ നടത്തിയ പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലുകൾ. കല്ലുവാതുക്കൽ വിഷമദ്യ ദുരന്ത കേസ് അന്വേഷണത്തിലും ഡോ.രമയ്ക്കുള്ളത് നിർണായക പങ്ക്. മിഥൈൽ അൽക്കഹോൽ എങ്ങനെ കാഴ്ച നഷ്ട്പ്പെടുത്തു, എങ്ങനെ ശരീരത്തിൽ മാറ്റങ്ങളുണ്ടാക്കുമെന്ന കണ്ടെത്തലുകൾ സുപ്രീംകോടതിയുടെ വരെ അഭിനന്ദം നേടികൊടുത്തു.
പ്രമാദമായ അക്കു വധക്കേസും എടുത്തുപറയേണ്ടത്. സ്പിരിറ്റ് മാഫിയയുടെ കുടിപ്പകയെത്തുടര്‍ന്ന് യുവാവിനെക്കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയ കേസിൽ, കൊലപാതകമെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനെ സഹായിച്ചതും ഡോ രമ. അക്കുവിന്റെ തല തകർന്നത് ട്രെയിൻ തട്ടിയല്ല, മറിച്ച് തല തകർത്ത് കൊന്നിട്ട് ശരീരം ട്രാക്കിൽ കൊണ്ടിട്ടതാണെന്ന് സ്ഥാപിക്കാൻ ഡോ രമയുടെ സൂക്ഷ്മമായ കണ്ടെത്തലുകൾക്കായി. ഏറ്റവും ഒടുവിൽ അഭയ കേസിൽ സി. സെഫി കന്യാചർമ്മം വെച്ചുപിടിച്ചെന്ന് കണ്ടെത്തിയതും ഡോ രമയുടെ ടീം.
ജീവിതത്തിന്റെ നല്ലൊരു ഭാഗവും ശബ്ദിക്കാത്ത തെളിവുകളുടെ ശബ്ദമായി മാറിയ ഡോ. രമ രോഗം മൂർച്ഛിച്ചതോടെ, സർവീസ് തീരാൻ വർഷങ്ങൾ ബാക്കിനിൽക്കെ സ്വയം വിരമിക്കുകയായിരുന്നു. അഭയ കേസിൽ, വീട്ടിലെത്തിയാണ് ഡോക്ടറുടെ നിർണായക മൊഴി കോടതി രേഖപ്പെടുത്തിയത്.