ഫിഫ ലോകകപ്പ് ഖത്തർ 2022ൽ പങ്കെടുക്കുന്ന 32 ടീമുകളിൽ 29 എണ്ണവും തീരുമാനമായതോടെ ഏതൊക്കെ താരങ്ങൾ ലോകകപ്പിന് ഉണ്ടാകുമെന്നും ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. നിരവധി സൂപ്പർ താരങ്ങൾ അണിനിരക്കുന്ന ലോകകപ്പ് വമ്പൻ പോരാട്ടങ്ങൾക്ക് വേദിയാകുന്നതിനൊപ്പം പല പ്രധാന താരങ്ങളുടെയും അവസാന ലോകകപ്പായി മാറാനുള്ള സാധ്യതയുമുണ്ട്. കരിയറിലെ അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനാൽ ഇത് അവസാന ലോകകപ്പാവാൻ സാധ്യതയുള്ള അഞ്ചു താരങ്ങളെ പരിചയപ്പെടാം. .
ലയണൽ മെസി

ഇത് അഞ്ചാം തവണയാണ് ഒരു ലോകകപ്പ് വേദിയിൽ മെസി ഇറങ്ങാൻ തയ്യാറെടുക്കുന്നത്. 2014 ലോകകപ്പിന്റെ ഫൈനലിൽ എത്തിയെങ്കിലും ദൗർഭാഗ്യവശാൽ കിരീടം നഷ്‌ടമായ മുപ്പത്തിനാലു വയസുള്ള മെസിക്ക് ലോകകിരീടം സ്വന്തമാക്കാൻ അവസാനത്തെ അവസരമായിരിക്കുമിത്. കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം നേടിയ അർജന്റീന ഇപ്പോൾ നടത്തുന്ന അപരാജിത കുതിപ്പ് ലോകകപ്പിലും തുടർന്നാൽ കിരീടം ടീമിനു തന്നെയാകും. കോപ്പ അമേരിക്ക ടൂർണമെന്റിലേതു പോലെ ടീമിനെ മുന്നിൽ നിന്ന് മെസി നയിക്കും എന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
ക്രിസ്റ്റ്യാനോ റൊണാൾഡോ

മെസിയെപ്പോലെ തന്നെ കരിയറിലെ അഞ്ചാമത്തെ ലോകകപ്പ് പോരാട്ടത്തിനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇറങ്ങുന്നത്. 2006ൽ ലോകകപ്പ് അരങ്ങേറ്റം കുറിച്ച താരത്തിന് ഇപ്പോൾ 37 വയസ്സാണ് എന്നതിനാൽ തന്നെ അടുത്ത ലോകകപ്പ് കളിക്കാൻ റൊണാൾഡോ ഉണ്ടാകാൻ സാധ്യത കുറവാണ്. അതിനാൽ തന്നെ ലോകകപ്പ് യോഗ്യത നേടാൻ പ്ലേ ഓഫ് കളിക്കേണ്ടി വന്നെങ്കിലും ടൂർണമെന്റിൽ താരം തന്റെ ഏറ്റവും മികച്ച പ്രകടനം നടത്തി കിരീടം സ്വന്തമാക്കാനാവും ശ്രമിക്കുക.
ലൂക്ക മോഡ്രിച്ച്

താരതമ്യേനെ ദുർബലരായ ക്രൊയേഷ്യൻ ടീമിനെ കഴിഞ്ഞ ലോകകപ്പിന്റെ ഫൈനൽ വരെയെത്തിച്ച് അത്ഭുതങ്ങൾ സൃഷ്‌ടിച്ച ലൂക്ക മോഡ്രിച്ച് ഇത്തവണ തന്റെ അവസാനത്തെ ലോകകപ്പിനു തന്നെയാണ് ഇറങ്ങുന്നതെന്ന കാര്യത്തിൽ സംശയമില്ല. 2006ൽ തന്റെ ആദ്യത്തെ ലോകകപ്പ് കളിച്ച് കഴിഞ്ഞ ലോകകപ്പിലെ ഗോൾഡൻ ബോൾ സ്വന്തമാക്കിയ മുപ്പത്തിയാറു വയസുള്ള താരം ലോകകപ്പിനു ശേഷം തന്റെ ഇന്റർനാഷണൽ കരിയർ അവസാനിപ്പിക്കാനും സാധ്യതയുണ്ട്.
റോബർട്ട് ലെവൻഡോസ്‌കി

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരൻ ആണെങ്കിലും കഴിഞ്ഞ തവണ തന്റെ ആദ്യത്തെ ലോകകപ്പ് കളിച്ച ലെവൻഡോസ്‌കി ഇത്തവണയും പോളണ്ടിനെ ടൂർണമെന്റിൽ എത്തിക്കാൻ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. മുപ്പത്തിമൂന്നു വയസുള്ള താരത്തെ സംബന്ധിച്ചും ഇനിയൊരു ലോകകപ്പിൽ പങ്കെടുക്കാൻ സാധ്യത കുറവാണ്. പോളണ്ടിന് ലോകകപ്പ് പ്രതീക്ഷ ഇല്ലെങ്കിലും ടൂർണമെന്റിൽ തന്റെ ആദ്യത്തെ ഗോൾ കുറിക്കുകയെന്ന ലക്ഷ്യം ലെവൻഡോസ്‌കിക്ക് തീർച്ചയായും ഉണ്ടാകും.
സെർജിയോ ബുസ്‌ക്വറ്റ്സ്

ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാളായ ബുസ്‌ക്വറ്റ്സ് തന്റെ അവസാനത്തെ ലോകകപ്പിനു സ്പെയിൻ ടീമിന്റെ നായകനായാണ് എത്തുന്നത്. യുവതാരങ്ങളും പരിചയസമ്പത്തുള്ള താരങ്ങളും ഒത്തിണങ്ങിയ സ്പെയിൻ കഴിഞ്ഞ യൂറോ കപ്പിന്റെ സെമിയിലും യുവേഫ നാഷൻസ് ലീഗ് ഫൈനലിലും എത്തി കിരീടപ്രതീക്ഷയോടെയാണ് ഖത്തറിൽ എത്തുന്നത്. സ്പെയിൻ കിരീടം നേടിയാൽ മുപ്പത്തിനാലുകാരൻ ബുസ്‌ക്വറ്റ്‌സിന് രണ്ടാമത്തെ ലോകകിരീടമാകും സ്വന്തമാവുക.