എഡ്മിന്റണ്‍: ആഴ്ചകളായി തുടരുന്ന കനത്ത മഴയ്ക്ക് പിന്നാലെ എഡ്മിന്റണ്‍ ഉള്‍പ്പെടെയുള്ള മധ്യ ആല്‍ബര്‍ട്ട പ്രദേശങ്ങളില്‍ വീണ്ടും അതിശക്തമായ മഴ മുന്നറിയിപ്പ്. ഈ വാരാന്ത്യത്തില്‍ മേഖലയില്‍ 40 മുതല്‍ 70 മില്ലിമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് എന്‍വയോണ്‍മെന്റ് കാനഡ പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി. കൊടുങ്കാറ്റിനും വ്യാപകമായ വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാല്‍ പ്രദേശത്ത് ‘ഓറഞ്ച് അലര്‍ട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്.
എഡ്മിന്റണ്‍ നഗരം, ഷെര്‍വുഡ് പാര്‍ക്ക്, സെന്റ് ആല്‍ബര്‍ട്ട് എന്നിവയോടൊപ്പം ഫോക്‌സ് ക്രീക്ക്, എഡ്‌സണ്‍ മുതല്‍ വെര്‍മിലിയന്‍, വെയ്ന്റൈറ്റ് വരെയുള്ള മധ്യ ആല്‍ബര്‍ട്ടന്‍ പ്രദേശങ്ങളിലാണ് മഴ മുന്നറിയിപ്പ് നിലവിലുള്ളത്. ഇതിനുപുറമെ, പ്രവിശ്യയുടെ വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ ശക്തമായ ഇടിമിന്നലിനും കാറ്റിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുള്ളതായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കഴിഞ്ഞ ആഴ്ചയുണ്ടായ കനത്ത മഴയില്‍ നഗരത്തിലെ മലിനജല നിവാരണ സംവിധാനങ്ങള്‍ പൂര്‍ണ്ണമായും സ്തംഭിക്കുകയും പലയിടങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വരികയും ചെയ്തിരുന്നു. റോഡുകള്‍ തകരുകയും ബേസ്മെന്റുകളിലേക്ക് വെള്ളം കയറുകയും ചെയ്തതിനെത്തുടര്‍ന്ന് അത്യാവശ്യത്തിനല്ലാതെ വെള്ളം ഉപയോഗിക്കുന്നത് പരിമിതപ്പെടുത്താന്‍ ജനങ്ങളോട് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളപ്പൊക്കമുള്ള റോഡുകളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഈ വാരാന്ത്യത്തിലെ മഴയോടെ എഡ്മിന്റണില്‍ 112 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തകരുമെന്നാണ് സൂചന. തിങ്കളാഴ്ച വരെയുള്ള കണക്കനുസരിച്ച് നഗരത്തില്‍ ഈ മാസം മാത്രം 200 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തിക്കഴിഞ്ഞു. ഇത് 1965-ല്‍ രേഖപ്പെടുത്തിയ രണ്ടാമത്തെ ഉയര്‍ന്ന മഴയ്ക്ക് തുല്യമാണ്. 1914 ജൂണില്‍ പെയ്ത 216.5 മില്ലിമീറ്റര്‍ മഴയാണ് എഡ്മന്റണിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്.
മധ്യ ആല്‍ബര്‍ട്ട മഴക്കെടുതി നേരിടുമ്പോള്‍ പ്രവിശ്യയുടെ വടക്കന്‍ മേഖലകള്‍ കടുത്ത ഉഷ്ണതരംഗത്തിന്റെപിടിയിലാണ്. വടക്കന്‍ ആല്‍ബര്‍ട്ടയിലെ പല കമ്മ്യൂണിറ്റികളിലും അടുത്ത ആഴ്ചയുടെ ആരംഭം വരെ ഉയര്‍ന്ന താപനില തുടരുമെന്നാണ് മുന്നറിയിപ്പ്. പകല്‍ സമയങ്ങളില്‍ താപനില 29 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 31 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. കടുത്ത ചൂടില്‍ നിന്നും നിര്‍ജ്ജലീകരണത്തില്‍ നിന്നും സ്വയം പരിരക്ഷിക്കാനും വളര്‍ത്തുമൃഗങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിഭാഗം നിര്‍ദ്ദേശിച്ചു.
