സില്‍ഹത്ത് : ഏകപക്ഷീയമായ ഫൈനലില്‍ ശ്രീലങ്കയെ ഏട്ട് വിക്കറ്റിന് പരാജയപ്പെടുത്തി 2022 ഏഷ്യാ കപ്പ് വനിതാ ട്വന്റി 20 ക്രിക്കറ്റ് കിരീടം ചൂടി ഇന്ത്യവനിതകൾ.
ശ്രീലങ്ക ഉയര്‍ത്തിയ 66 റണ്‍സ് വിജയലക്ഷ്യം 8.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഇന്ത്യന്‍ വനിതകളുടെ ഏഴാം എഷ്യാകപ്പ് കിരീടമാണിത്. ഇതോടെ ആദ്യ കിരീടമെന്ന മോഹവുമായി കലാശപ്പോരിനിറങ്ങിയ ശ്രീലങ്ക നിരാശയോടെ മടങ്ങി.

ഓപ്പണറായി ഇറങ്ങിയ സ്മൃതി മന്ദാന വെറും 25 പന്തിൽ 51 റൺസുമായി ഇന്ത്യൻ വിജയത്തിന് ചുക്കാൻ പിടിച്ചു. എന്നാല്‍ ടീം സ്കോര്‍ 32-ല്‍ നില്‍ക്കേ ഷഫാലി വര്‍മയെ ഇനോക റാണവീര പുറത്താക്കി. അഞ്ച് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. പിന്നാലെ ഇറങ്ങിയ ജെമീമ റോഡ്രിഗസും വേഗത്തില്‍ തന്നെ മടങ്ങിയതോടെ ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക പരന്നു. എന്നാല്‍ ഹര്‍മന്‍പ്രീത് കൗറിനെ കൂട്ടുപിടിച്ച് മന്ദാന ഇന്ത്യയെ വിജയതീരത്തെത്തിച്ചു.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ നേടി 65 റൺസാണ് നേടിയത്. മൂന്ന് ഓവറിൽ ഒരു മെയ്ഡൻ സഹിതം അഞ്ച് റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് പിഴുത രേണുക സിങ്ങാണ് ശ്രീലങ്കൻ നിരയെ തകർത്തത്.

രാജേശ്വരി ഗെയ്ക്വാദ് രണ്ട് ഓവറിൽ 16 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ സ്നേഹ് റാണയും രണ്ടു വിക്കറ്റ് വീഴ്ത്തി. 22 പന്തിൽ 18 റൺസെടുത്ത ഇനോക രണവീരയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. ഒഷാഡി രണസിംഗെ 20 പന്തിൽ 13 റൺസെടുത്തു. ഓപ്പണറും ക്യാപ്റ്റനുമായ ചമരി അത്തപ്പത്തു, നീലാക്ഷി ഡിസിൽവ എന്നിവർ ആറു റൺസ് വീതം നേടി.
