ഒട്ടാവയിൽ നിന്ന് ഷാർലറ്റ്‌ടൗണിലേക്ക് നേരിട്ട് സർവ്വീസ് ആരംഭിച്ച് പോർട്ടർ എയർലൈൻസ്. ഇന്ന് മുതൽ ഒട്ടാവ ഇന്റർനാഷണൽ എയർപോർട്ടിനും ഷാർലറ്റ്‌ടൗൺ എയർപോർട്ടിനുമിടയിൽ നേരിട്ട് സർവീസ് ആരംഭിച്ചതായും വർഷം മുഴുവനും ഈ റൂട്ടിൽ സർവീസ് നടത്തുമെന്നും പോർട്ടർ എയർലൈൻസ് അറിയിച്ചു.
ആദ്യ സർവ്വീസ് ഇന്ന് ഉച്ചക്ക് 12:25 ന് ഒട്ടാവയിൽ നിന്നും പുറപ്പെട്ടു. ഒട്ടാവയ്ക്കും ഷാർലറ്റ്‌ടൗണിനുമിടയിൽ 78 സീറ്റുകളുള്ള ഡി ഹാവിലാൻഡ് ഡാഷ് 8-400 വിമാനമാണ് നിലവിൽ സർവ്വീസ് നടത്തുന്നത്.
11 പ്രതിവാര ഫ്ലൈറ്റുകളോടെയാണ് ഡയറക്ട് സർവീസ് ആരംഭിക്കുന്നതെന്ന് പോർട്ടർ പറയുന്നു. കൂടാതെ വേനൽക്കാലത്തെ പീക്ക് സീസണിൽ ആഴ്ചയിൽ 14 റൗണ്ട് ട്രിപ്പുകൾ ആയി വർദ്ധിക്കും.
ഒക്ടോബർ 29 മുതൽ, പോർട്ടർ ഒട്ടാവയ്ക്കും ഷാർലറ്റ്‌ടൗണിനുമിടയിൽ ശൈത്യകാലത്ത് പ്രതിദിന സർവ്വീസിനും തുടക്കമിടും. നിലവിൽ ഒട്ടാവ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 10 നോൺ-സ്റ്റോപ്പ് റൂട്ടുകൾ പ്രവർത്തിപ്പിക്കുന്നുണ്ടെന്നും പോർട്ടർ എയർലൈൻസ് അറിയിച്ചു.
