ടൊറൻ്റോ : രാജ്യത്തുടനീളം വർധിച്ചു വരുന്ന വാഹനമോഷണങ്ങളിൽ കുറ്റവാളികൾക്കെതിരെ കർശന ശിക്ഷാനടപടികളും ജാമ്യ വ്യവസ്ഥകളും ആവിശ്യമാണെന്ന് ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്.

അർദ്ധരാത്രിയിൽ കാർ കൊള്ളയടിക്കുന്നതിനും മോഷ്ടിക്കുന്നതിനുമായി കുറ്റവാളികൾ ജനങ്ങളെ ഉപദ്രവിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു, ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ കർശന നിയമം ആവിശ്യമാണ്, ഫോർഡ് കൂട്ടിച്ചേർത്തു. മോഷ്ടിക്കുന്ന വാഹനങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് കടത്തുന്നത് തടയാൻ കനേഡിയൻ ബോർഡർ സർവീസസ് ഓഫീസർമാരുടെ എണ്ണം ഫെഡറൽ ഗവണ്മെന്റ് വർധിപ്പിക്കണമെന്നും പ്രീമിയർ ഡഗ് ഫോർഡ് ആവശ്യപ്പെട്ടു.

2014 മുതൽ 2021 വരെ 72 ശതമാനം വർധനവോടെ ഒന്റാരിയോയിൽ വാഹനമോഷണങ്ങൾ ഉയർന്നതായി ഫോർഡ് പറയുന്നു. വാഹന മോഷണങ്ങളെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 21 പ്രോജക്റ്റുകൾക്ക് 18 ദശലക്ഷം ഡോളർ ധനസഹായം നൽകും, അദ്ദേഹം പറഞ്ഞു.
