ഓട്ടവ : ഗാസയിലെ കനേഡിയൻ പൗരന്മാരുടെ കുടുംബാംഗങ്ങളെയും കാനഡയിലുള്ള ഇസ്രായേൽ-പലസ്തീൻ പൗരന്മാരെയും സഹായിക്കുന്നതിനായി പുതിയ താൽക്കാലിക ഇമിഗ്രേഷൻ നടപടികൾ ആരംഭിച്ചതായി ഇമിഗ്രേഷൻ മിനിസ്റ്റർ മാർക്ക് മില്ലർ പ്രഖ്യാപിച്ചു.

കനേഡിയൻ പൗരന്മാരുടെയോ സ്ഥിര താമസക്കാരുടെയോ അടുത്ത കുടുംബാംഗങ്ങൾക്കായി ഫീസ് ഇല്ലാത്ത പഠന അനുമതികളോ ഓപ്പൺ വർക്ക് പെർമിറ്റുകളോ ലഭ്യമാക്കുമെന്ന് മന്ത്രി മാർക്ക് മില്ലർ അറിയിച്ചു. ഈ സമയത്ത് കാനഡയിലുള്ള ഇസ്രായേലികൾക്കും പലസ്തീനികൾക്കും ഫീസ് ഒഴിവാക്കി പഠനത്തിനോ ഓപ്പൺ വർക്ക് പെർമിറ്റിനോ അർഹതയുണ്ടാകും, മില്ലർ വ്യക്തമാക്കി.

കൂടാതെ, നിലവിൽ ഗാസയിലുള്ള തങ്ങളുടെ കുടുംബാംഗങ്ങളുടെ സുരക്ഷയെക്കുറിച്ച് പല കനേഡിയൻ പൗരന്മാരും ആശങ്കാകുലരാണെന്നും ഇവരെ കാനഡയിൽ എത്തിക്കുന്നതിനും കുടുംബാംഗങ്ങളുമായി വീണ്ടും ഒന്നിക്കുന്നതിനുമായി നടപടി സ്വീകരിക്കും, മാർക്ക് മില്ലർ കൂട്ടിച്ചേർത്തു.

ജീവിതപങ്കാളി, പൊതു നിയമ പങ്കാളി, കുട്ടികൾ, പേരക്കുട്ടി, സഹോദരങ്ങൾ, കനേഡിയൻ പൗരന്റെയോ സ്ഥിര താമസക്കാരന്റെയോ മാതാപിതാക്കളോ മുത്തശ്ശിയോ അവരുടെ അടുത്ത കുടുംബാംഗങ്ങൾ എന്നിവരും പുതിയ താൽക്കാലിക ഇമിഗ്രേഷൻ നടപടികൾക്ക് യോഗ്യരായിരിക്കും, മാർക്ക് മില്ലർ വ്യക്തമാക്കി.
