കാശിയിലെ ഗ്യാൻവാപി പള്ളിയിൽ പൂജ നടത്താൻ അനുമതി നൽകിയ വാരാണസി കോടതി വിധിക്കെതിരെ പള്ളി കമ്മിറ്റി നൽകിയ ഹർജിയിൽ അലഹബാദ് ഹൈക്കോടതി തള്ളി. പള്ളിയില്‍ ഫെബ്രുവരി പതിനഞ്ചോടെ അഞ്ജുമാൻ പള്ളി കമ്മിറ്റിയുടെയും ഹിന്ദു വിഭാഗങ്ങളുടെയും വാദം പൂർത്തിയായ ശേഷം, ജഡ്ജി രോഹിത് രഞ്ജൻ അഗർവാൾ വിധിപറയാൻ മാറ്റുകയായിരുന്നു. സംഭവത്തിൽ അടിയന്തര വാദം കേൾക്കാൻ സുപ്രീംകോടതി വിസമ്മതിച്ചതോടെയാണ് ഫെബ്രുവരി ഒന്നിന് പള്ളി കമ്മിറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.

ഗ്യാൻവാപി മസ്ജിദിലെ നിലവറയിൽ പൂജ നടത്താൻ അനുമതി നൽകിയ വിധിക്കെതിരെയുള്ള തങ്ങളുടെ എതിർപ്പുകൾ മസ്ജിദ് കമ്മിറ്റി ഹർജിയിൽ വ്യക്തമാക്കിയിരുന്നു. പള്ളിയുടെ ഭാഗമായ വ്യാസ് തെഹ്ഖാന എന്നറിയപ്പെടുന്ന നിലവറ 1993 മുതൽ തങ്ങളുടെ അധീനതയിലാണെന്നും വ്യാസ് കുടുംബത്തിനോ മറ്റാർക്കെങ്കിലുമോ അവകാശവാദം ഉന്നയിക്കാനും ആരാധന നടത്താനും കഴിയില്ലെന്നും മസ്ജിദ് കമ്മിറ്റി വാദിച്ചു.
30 വർഷമായി അവിടെ പൂജ നടന്നിരുന്നില്ല. ഇപ്പോൾ കോടതി റിസീവറെ നിയമിച്ചതിനും തൽസ്ഥിതിയിൽ മാറ്റം വരുത്തിയതിനും മതിയായ കാരണമില്ലെന്നും മസ്ജിദ് കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, 1993ന് ശേഷവും സംസ്ഥാന സർക്കാർ നിർദേശപ്രകാരം സി.ആർ.പി.എഫ് ഏറ്റെടുക്കുംവരെ നിലവറയിൽ പൂജ നടന്നിരുന്നുവെന്നാണ് ഹിന്ദുപക്ഷം വാദിച്ചത്. ഇരുപക്ഷത്തിന്റെയും വിശദവാദം കേട്ടശേഷമാണ് കോടതി വിധി പറഞ്ഞത്.
