ടൊറൻ്റോ : ഒൻ്റാരിയോ വെലാൻഡിൽ ശനിയാഴ്ച്ച രാത്രി പത്തരയോടെ ട്രാൻസിറ്റ് ബസും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 പേർ മരിക്കുകയും 2 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വെലാൻഡിലെ ഹൈവേ 58-ലാണ് അപകടമുണ്ടായത്.

നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് ട്രക്ക് ബസിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ തീ പിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പിക്കപ്പ് ട്രക്ക് ഡ്രൈവറും രണ്ട് യാത്രക്കാരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. സാരമായ പരിക്കുകളോടെ ബസ് ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയത്ത് രണ്ട് യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ഇവരിൽ ഒരാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്വേഷണത്തെ തുടർന്ന് പ്രദേശത്തെ റോഡുകൾ അടച്ചു. മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു.