ഓട്ടവ : ഫെഡറൽ തിരഞ്ഞെടുപ്പ് അടുത്തതോടെ ഉയർന്ന ജീവിതച്ചെലവും യുഎസ്-കാനഡ വ്യാപാര യുദ്ധവുമാണ് തങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളെന്ന് കനേഡിയൻ ജനത. മാർക്കറ്റിങ് ഇൻ്റലിജൻസ് കമ്പനിയായ നരേറ്റീവ് റിസർച്ച്, 1,231 കനേഡിയൻ പൗരന്മാരിൽ നടത്തിയ സർവേയിലാണ് ഈ വെളിപ്പെടുത്തൽ. ഈ വാരാന്ത്യത്തിൽ ഫെഡറൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനവും തുടർന്ന് വസന്തകാലത്ത് വോട്ടെടുപ്പും നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആരോഗ്യ പരിപാലനം, സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തൽ, ഭവന പ്രതിസന്ധി, ഉയർന്ന ജീവിതച്ചെലവ്, കാനഡ-യുഎസ് വ്യാപാരയുദ്ധം എന്നിവയാണ് വോട്ടർമാരുടെ പ്രധാന അഞ്ച് വിഷയങ്ങൾ.

സർവേയിൽ പ്രതികരിച്ചവരിൽ 67% പേരും ഉയർന്ന ജീവിതച്ചെലവ് പ്രധാന പ്രശ്നമായി ചൂണ്ടിക്കാണിക്കുന്നു. കൂടാതെ 53% ആളുകൾ യുഎസ് വ്യാപാര യുദ്ധത്തെ ഒരു പ്രധാന ആശങ്കയായി തിരഞ്ഞെടുത്തു. ആരോഗ്യപരിരക്ഷ, കാലാവസ്ഥാ വ്യതിയാനം എന്നിങ്ങനെയുള്ള വിഷയങ്ങളിൽ വോട്ടർമാർക്ക് ആശങ്കയുണ്ടെന്നും സർവേ സൂചിപ്പിക്കുന്നു.

2021-ൽ കാലാവസ്ഥാ വ്യതിയാനം വോട്ടർമാർക്ക് ഒരു വലിയ പ്രശ്നമായിരുന്നു. എന്നാൽ 13% പേർ മാത്രമാണ് ഇത്തവണ കാലാവസ്ഥാ വ്യതിയാനത്തെ ഒരു പ്രധാന പ്രശ്നമായി ചൂണ്ടിക്കാണിക്കുന്നത്. ചെറുപ്പക്കാരായ കനേഡിയൻ പൗരന്മാർ ജീവിതച്ചെലവ്, ദാരിദ്ര്യ നിർമ്മാർജ്ജനം, ശിശു സംരക്ഷണം, വംശീയ അസമത്വം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു. അതേസമയം പ്രായമായ കനേഡിയൻ ജനത യുഎസ് വ്യാപാര യുദ്ധം, ആരോഗ്യ സംരക്ഷണം, മുതിർന്ന പൗരന്മാരുടെ ചികിത്സ എന്നിവയെക്കുറിച്ച് കൂടുതൽ ശ്രദ്ധാലുക്കളാണ്, സർവേ വെളിപ്പെടുത്തുന്നു. എന്നാൽ, കുറഞ്ഞ വരുമാനമുള്ളവർ ഉയർന്ന ജീവിതച്ചെലവും ഭവനപ്രതിസന്ധിയും പ്രധാന വിഷയമായി ഉയർത്തിക്കാട്ടുന്നു. അതേസമയം വരുമാനമുള്ളവർ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിൽ കൂടുതൽ ശ്രദ്ധാലുക്കളാണ്, സർവേ സൂചിപ്പിക്കുന്നു.