കെബെക്ക് സിറ്റി : അടുത്ത അധ്യയന വർഷം മുതൽ സ്കൂളുകളിൽ മൊബൈൽ ഫോൺ നിരോധിക്കുന്ന കെബെക്ക് സർക്കാർ നടപടിക്കെതിരെ വീണ്ടും സമരത്തിനൊരുങ്ങി വിദ്യാർത്ഥികൾ. പ്രവിശ്യയിലുടനീളമുള്ള എലിമെന്‍ററി, സെക്കൻഡറി സ്കൂളുകളിൽ മൊബൈൽ ഫോൺ നിരോധിക്കുന്നതിനെതിരെ വിദ്യാർത്ഥികൾ രണ്ടാം ദിവസത്തെ സമരം ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ആഴ്ച നടന്നതിനേക്കാൾ കൂടുതൽ വിദ്യാർത്ഥികളെ മെയ് 23 വെള്ളിയാഴ്ച നടക്കുന്ന പണിമുടക്കിൽ അണിനിരത്തുമെന്നും റിപ്പോർട്ടുണ്ട്. എല്ലാവരും പണിമുടക്കുന്നു, വിദ്യാർത്ഥികൾ സമൂഹമാധ്യമത്തിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു. ഞങ്ങൾ ക്ലാസുകൾ ബഹിഷ്‌കരിക്കുകയാണ്. വിദ്യാർത്ഥികളില്ല, സ്കൂളില്ല. അവർ എന്താണ് ചെയ്യുന്നതെന്ന് നമുക്ക് കാണാം, വിദ്യാർത്ഥികൾ അറിയിച്ചു.

2024 ജനുവരി മുതൽ ക്ലാസ് മുറികളിൽ കെബെക്ക് സർക്കാർ മൊബൈൽ ഫോണുകൾ നിരോധനം ഏർപ്പെടുത്തിയിരുന്നു. തുടർന്ന് മെയ് 1-ന് വിദ്യാഭ്യാസ മന്ത്രി ബെർണാഡ് ഡ്രെയിൻവിൽ പൂർണ്ണ നിരോധനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സർക്കാരിന്‍റെ പുതിയ നടപടി പ്രകാരം ക്ലാസുകളുടെ തുടക്കം മുതൽ അവസാനം വരെ ഈ നിരോധനം നീട്ടും. ഇതിൽ ഇടവേളകളിലും സ്കൂൾ ഗ്രൗണ്ടുകളിലും ഉൾപ്പെടുന്നു.