ഓട്ടവ : കനേഡിയൻ സായുധ സേനയിലെ സ്വകാര്യ സൈനികരുടെ അടിസ്ഥാന വേതനം വർധിപ്പിച്ചതായി പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. നാവികർ, പ്രൈവറ്റ് സൈനികർ, ഏവിയേറ്റർമാർ എന്നിവർക്ക് 20% ശമ്പള വർധന ലഭിക്കും. കൂടാതെ റിസർവിസ്റ്റുകൾക്ക് 13 ശതമാനവും അടിസ്ഥാന വേതന വർധന ലഭിക്കുമെന്ന് കാർണി അറിയിച്ചു. കാനഡയിലെ പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനും ആർട്ടിക് ദൗത്യങ്ങളിൽ നിയോഗിക്കപ്പെടുന്നതുമായ സൈനികർക്ക് ബോണസായി 50,000 ഡോളർ അനുവദിച്ചിട്ടുണ്ട്. ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യത്തോടെ വേതന വർധന നടപ്പിൽ വരുമെന്ന് ദേശീയ പ്രതിരോധ വകുപ്പ് അറിയിച്ചു.

പുതിയ അംഗങ്ങളെ ആകർഷിക്കുക, നിലവിലുള്ള അംഗങ്ങളെ നിലനിർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വേതന വർധന നടപ്പിലാക്കുന്നത്. അതേസമയം വർധിപ്പിച്ച ശമ്പളവും ആനുകൂല്യങ്ങളും നൽകുന്നതിന് ഫെഡറൽ ഗവൺമെൻ്റിന് പ്രതിവർഷം 200 കോടി ഡോളർ ചിലവാകുമെന്ന് പ്രതീക്ഷിക്കുന്നു. വേതന വർധന പ്രകാരം, ഒരു പ്രൈവറ്റ് സൈനികന്, ഓരോ മാസവും 723 ഡോളർ അധികമായി ലഭിക്കുമെന്ന് പ്രധാനമന്ത്രി പറയുന്നു. അടുത്ത 12 മാസത്തിനുള്ളിൽ ആനുകൂല്യ വർധനയും ബോണസുകളും നൽകുമെന്നും മാർക്ക് കാർണി അറിയിച്ചു. ശമ്പള വർധനയ്ക്ക് പുറമേ, സൈനിക അംഗങ്ങൾക്ക് സേവന വർഷങ്ങളുടെ അടിസ്ഥാനത്തിൽ പുതിയ വാർഷിക ലംപ്-സം പേയ്മെൻ്റ് ലഭിക്കും. അഞ്ച് മുതൽ പത്ത് വർഷം വരെ സേവനമനുഷ്ഠിച്ച റെഗുലർ ഫോഴ്സ് അംഗങ്ങൾക്ക് 2,000 ഡോളർ മുതൽ രണ്ട് പതിറ്റാണ്ടിലധികം സേവനമനുഷ്ഠിച്ച അംഗങ്ങൾക്ക് 6,000 ഡോളർ വരെയായിരിക്കും ലഭിക്കുക.
