കൊളംബോ: ശ്രീലങ്കൻ തീരത്തിന് സമീപം ഇറാനിയൻ യുദ്ധക്കപ്പലായ ഐറിസ് ഡെനയ്ക്ക് നേരെ യുഎസ് നടത്തിയ ആക്രമണത്തിന് മുൻപ് രണ്ട് തവണ മുന്നറിയിപ്പ് നൽകിയിരുന്നതായി പുതിയ റിപ്പോർട്ട്. കപ്പലിലുണ്ടായിരുന്ന ഒരു നാവികൻ കൊല്ലപ്പെടുന്നതിന് തൊട്ടുമുൻപ് പിതാവിനെ വിളിച്ച് ഇക്കാര്യം അറിയിച്ചതായി ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു. കപ്പൽ ഉപേക്ഷിച്ചു പോകാൻ യുഎസ് സേന ആവശ്യപ്പെട്ടെങ്കിലും കമാൻഡർ അതിന് തയ്യാറായില്ലെന്നാണ് വിവരം.
യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ആക്രമണം നടന്നതെന്ന ഇറാന്റെ ഔദ്യോഗിക വാദത്തിന് വിരുദ്ധമാണ് ഈ വെളിപ്പെടുത്തൽ. കപ്പൽ ഉപേക്ഷിക്കുന്നതിനെ ചൊല്ലി കപ്പലിനുള്ളിൽ നാവികരും കമാൻഡറും തമ്മിൽ തർക്കമുണ്ടായതായും റിപ്പോർട്ടുണ്ട്. ബുധനാഴ്ച ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് യുഎസ് അന്തർവാഹിനിയിൽ നിന്നുള്ള ടോർപ്പിഡോ ഏറ്റാണ് കപ്പൽ തകർന്നത്. ഈ ആക്രമണത്തിൽ നിരവധി നാവികർ കൊല്ലപ്പെട്ടിരുന്നു.

ശ്രീലങ്കയിലെ ഗാലി തുറമുഖത്തിന് സമീപം നടന്ന ഈ സംഭവത്തിന് പിന്നാലെ ശ്രീലങ്കൻ അധികൃതർ വലിയ തിരച്ചിൽ ദൗത്യം നടത്തിയിരുന്നു. 87 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുക്കുകയും 32 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. ലൈഫ് ബോട്ടുകൾ ഉപയോഗിച്ച് രക്ഷപ്പെട്ട നാവികരാണ് അതിജീവിച്ചവരിൽ ഭൂരിഭാഗവും. ഈ സംഭവം യുഎസ്-ഇറാൻ സംഘർഷം കടലിലും അതീവ ഗുരുതരമാകുന്നതിന്റെ സൂചനയാണ് നൽകുന്നത്.
