വൻകൂവർ: മിഡിൽ ഈസ്റ്റിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ലെബനനിലുള്ള തങ്ങളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സുരക്ഷയെക്കുറിച്ച് വൻകൂവറിലെ ലെബനീസ് സമൂഹം വലിയ ആശങ്കയിൽ. ഇസ്രായേൽ വ്യോമാക്രമണങ്ങളെത്തുടർന്ന് ലക്ഷക്കണക്കിന് ആളുകൾക്ക് വീട് ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്ന പശ്ചാത്തലത്തിലാണ് കാനഡയിലുള്ള പ്രവാസികൾ ഭീതിയോടെ വാർത്തകൾ നിരീക്ഷിക്കുന്നത്. ഒരാഴ്ച മുമ്പ് ഇറാൻ പരമോന്നത നേതാവ് അലി ഖൊമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് ഹിസ്ബുള്ള ഇസ്രായേലിന് നേരെ റോക്കറ്റുകളും ഡ്രോണുകളും തൊടുത്തുവിട്ടിരുന്നു. ഇതിന് മറുപടിയായി ഇസ്രയേൽ തെക്കൻ ലെബനനിലും ബെയ്റൂട്ടിന്റെ പ്രാന്തപ്രദേശങ്ങളിലും ശക്തമായ വ്യോമാക്രമണമാണ് നടത്തുന്നത്.ഏതാനും ദിവസങ്ങൾക്കുള്ളിൽ അഞ്ചുലക്ഷത്തോളം ആളുകളാണ് ലെബനനിൽ അഭയാർത്ഥികളായി മാറിയത്. ഷെൽട്ടറുകൾ നിറഞ്ഞുകവിഞ്ഞതായും ഭക്ഷണക്ഷാമം രൂക്ഷമായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വൻകൂവറിലെ പ്രമുഖ കലാകാരി മേരി ഖൗരിയും ഇങ്ങനെ കുറേ അനുഭവങ്ങളുടെ ഓർമ്മയിലാണ്.1975-ലെ ആഭ്യന്തരയുദ്ധകാലത്ത് പിതാവ് കൊല്ലപ്പെട്ടതിനെത്തുടർന്ന് 14-ാം വയസ്സിൽ രാജ്യം വിടേണ്ടി വന്ന ഖൗരിക്ക്, നിലവിലെ ദൃശ്യങ്ങൾ പഴയ ഭയാനകമായ ഓർമ്മകളാണ് നൽകുന്നത്. തന്റെ സഹോദരിയും കുടുംബവും നിലവിൽ സുരക്ഷിതരാണെങ്കിലും നാളെ എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്ന് അവർ പറഞ്ഞു.യുദ്ധം അവസാനിപ്പിക്കാൻ ഓട്ടവ അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദം ചെലുത്തണമെന്നും പലായനം ചെയ്തവർക്ക് അടിയന്തര ആശ്വാസമെത്തിക്കാൻ സഹായം നൽകണമെന്നും സുരക്ഷിതത്വം തേടി കാനഡയിലേക്ക് വരാൻ ആഗ്രഹിക്കുന്ന കുടുംബാംഗങ്ങൾക്ക് വിസ നടപടികൾ എളുപ്പമാക്കണമെന്നും വൻകൂവറിലെ ലെബനീസ് ഓണററി കോൺസൽ നിിക്കോളാസ് കഹ്‌വാജി കനേഡിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
