ടൊറന്റോ: ഒന്റാരിയോയിലെ സ്കൂൾ വിദ്യാഭ്യാസ സംവിധാനത്തിൽ വിപുലമായ മാറ്റങ്ങൾ വരുത്താൻ ലക്ഷ്യമിട്ടുള്ള ‘പുട്ടിംഗ് സ്റ്റുഡന്റ് അച്ചീവ്മെന്റ് ഫസ്റ്റ് ആക്ട് പ്രവിശ്യാ സർക്കാർ അവതരിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രി പോൾ കലന്ദ്രയാണ് തിങ്കളാഴ്ച ഈ പുതിയ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഇംഗ്ലീഷ് സ്കൂൾ ബോർഡുകളിലെ തിരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റികളുടെ എണ്ണം പരമാവധി 12 ആയി പരിമിതപ്പെടുത്തും. ടൊറന്റോ ഡിസ്ട്രിക്റ്റ് സ്കൂൾ ബോർഡിലെ (TDSB) ട്രസ്റ്റികളുടെ എണ്ണം ഇതോടെ പകുതിയോളം കുറയും. സ്കൂൾ ബോർഡ് ഡയറക്ടർ ഇനി ‘ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ’ (CEO) എന്നറിയപ്പെടും. സാമ്പത്തിക കാര്യങ്ങൾ നിയ ന്ത്രിക്കാൻ ബിസിനസ് യോഗ്യതയുള്ള ഒരാളായിരിക്കും ഈ സ്ഥാനത്ത് എത്തുക. കൂടാതെ, കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താൻ മാത്രമായി ഒരു ‘ചീഫ് എജ്യുക്കേഷൻ ഓഫീസർ’ തസ്തികയും പുതുതായി സൃഷ്ടിക്കും. 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ഫൈനൽ മാർക്കിന്റെ ഒരു നിശ്ചിത ശതമാനം ഇനി ഹാജർ നിലയെയും ക്ലാസിലെ പങ്കാളിത്തത്തെയും അടിസ്ഥാനമാക്കിയായിരിക്കും. ഗ്രേഡ് 9, 10 ക്ലാസുകളിൽ 15% മാർക്ക് ഗ്രേഡ് 11, 12 ക്ലാസുകളിൽ 10% മാർക്ക് എന്നിങ്ങനെയാവും.

ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് നിശ്ചിത ദിവസങ്ങളിൽ രേഖാമൂലമുള്ള പരീക്ഷകൾ നിർബന്ധമാക്കും. കൂടാതെ അധ്യാപകർ അംഗീകൃത പഠന സാമഗ്രികൾ മാത്രമേ ഉപയോഗിക്കാവൂ എന്നും വ്യവസ്ഥയുണ്ട്. സർക്കാരിന്റെ ഈ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം. പ്രവിശ്യാ സർക്കാരിൽ നിന്നുള്ള ഫണ്ടിന്റെ കുറവാണ് പല സ്കൂൾ ബോർഡുകളുടെയും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും, ട്രസ്റ്റികളുടെ അധികാരം കവരുന്നത് ജനാധിപത്യ രീതിക്ക് വിരുദ്ധമാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, വിദ്യാർത്ഥികളുടെ വിജയത്തിന് മുൻഗണന നൽകാനാണ് ഈ മാറ്റങ്ങൾ എന്നാണ് സർക്കാരിന്റെ വിശദീകരണം. അടുത്ത അധ്യയന വർഷത്തോടെ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുമെന്നാണ് സൂചന.
