Friday, April 17, 2026

വിവാദതീരുമാനവുമായി ഒൻ്റാരിയോ സർക്കാർ; ഡഗ് ഫോർഡിന്‌ പറക്കാൻ 28.9 മില്യൺ ഡോളറിന്റെ സ്വകാര്യജെറ്റ്

ടൊറന്റോ: പ്രീമിയർ ഡഗ് ഫോർഡിന്റെ വിദേശയാത്രകൾക്കായി 28.9 മില്യൺ ഡോളർ ചിലവിൽ അത്യാധുനിക സ്വകാര്യ ജെറ്റ് വിമാനം സ്വന്തമാക്കി ഒൻ്റാരിയോ സർക്കാർ. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂ‌‌ടെ സർക്കാർ കടന്നു പോകുന്ന ഘട്ടത്തിലുള്ള ഈ തീരുമാനം കാനഡയിൽ വലിയ രാഷ്ട്രീയ വിവാദത്തിന് തു‌ടക്കമിട്ടു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സൗകര്യങ്ങളുള്ള സ്വകാര്യ ജെറ്റുകളിൽ ഒന്നാണ് പ്രീമിയർക്കായി വാങ്ങിയത്‌. ദീർഘദൂര യാത്രകൾക്കും ഔദ്യോഗിക യോഗങ്ങൾ ചേരാനുമുള്ള സൗകര്യങ്ങൾ ഇതിലുണ്ടാകും. കാനഡയിലെ ഏറ്റവും വലിയ പ്രവിശ്യയായ ഒന്റാരിയോയിലേക്ക് നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി പ്രീമിയർക്ക് ലോകമെമ്പാടും സഞ്ചരി ക്കേണ്ടതുണ്ടെന്നും, വിശ്വസനീയമായ ഒരു യാത്രാസൗകര്യം അനിവാര്യമാണെന്നുമാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയത്‌. അതേ സമയം ഒന്റാരിയോ സർക്കാർ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ വലിയ വെട്ടിക്കുറക്കലുകൾ നടക്കുമ്പോൾ പ്രീമിയറിൻ്റെ യാത്രയ്‌ക്കായി ഇത്രയധികം തുക ചിലവഴിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എൻ.ഡി.പി, ലിബറൽ പാർട്ടികൾ ആരോപിച്ചു. ഭവനരഹിതരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പണമില്ലെന്ന് പറയുന്ന സർക്കാർ സ്വന്തം ആഡംബരത്തിനായി പണം കണ്ടെത്തുന്നത് ലജ്ജാകരമാണെന്ന് പ്രതിപക്ഷ നേതാക്കൾ പറഞ്ഞു.

വിമാനം വാങ്ങാനുള്ള നീക്കത്തിനെതിരെ ക്വീൻസ് പാർക്കിൽ കനത്ത പ്രതിഷേധമാണ് നടക്കുന്നത്. വരും ദിവസങ്ങളിൽ ഈ വിഷയം കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക്‌ വഴി തുറന്നേക്കും. സാധാരണക്കാർ നികുതി ഭാരത്താൽ ബുദ്ധിമുട്ടുമ്പോൾ ഭരണാധികാരികളുടെ ഇത്തരം ധൂർത്ത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം ജനങ്ങൾ. സോഷ്യൽ മീഡിയയിലും ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതികരണങ്ങൾ വരുന്നുണ്ട്. കാനഡയിലെ മറ്റ് പ്രവിശ്യകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്ര വലിയ തുക ഒരു വിമാനത്തിനായി ചിലവാക്കുന്നത് അസാധാരണമായ നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ബില്ലി ബിഷപ്പ് വിമാനത്താവളത്തിന്റെ ഉടമസ്ഥാവകാശം ഒന്റാരിയോ സർക്കാർ ഏറ്റെടുത്ത് ആഴ്ചകൾക്ക് ശേഷമാണ് ജെറ്റ്‌ വാങ്ങുന്നതിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തെത്തിയത്‌. ജെറ്റ് ഗതാഗതത്തെ ഉൾക്കൊള്ളുന്നതിനായി റൺവേ വികസിപ്പിക്കാനുള്ള പദ്ധതികളും വിവാദമായിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!